| Sunday, 25th December 2022, 7:36 pm

കെ.എല്‍. രാഹുലിന്റെ ആ കരിയര്‍ അവസാനിച്ചു: ബി.സി.സി.ഐ വൃത്തങ്ങള്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ 2022 കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ പരമ്പരകളും പര്യടനങ്ങളും അവസാനിച്ചിരിക്കുകയാണ്. ജനുവരി മൂന്നിന് ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്. ടി-20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

ഇപ്പോഴും അധികാരത്തിലിരിക്കുന്ന ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെയും തെരഞ്ഞെടുത്തിരിക്കുന്നത്.

‘പഴയ സെലക്ഷന്‍ കമ്മിറ്റി തന്നെയായിരിക്കും ഇന്ത്യ-ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘തള്ളവിരലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്ന് രോഹിത് ശര്‍മക്ക് ഈ പരമ്പരയും നഷ്ടമാകും. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും ടീമിനെ നയിക്കുക. കെ.എല്‍. രാഹുലിന്റെ ടി-20 കരിയര്‍ അവസാനിച്ചു,’ ഉദ്യാഗസ്ഥന്‍ പറഞ്ഞു.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ വിരാട് കോഹ്‌ലിക്കും ഈ പരമ്പരയില്‍ വിശ്രമം നല്‍കാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലെ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പിരിച്ചുവിട്ടത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍ക്കായി അപേക്ഷയും ബി.സി.സി.ഐ ക്ഷണിച്ചിരുന്നു.

ചേതന്‍ ശര്‍മയടക്കമുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തിരിച്ചെത്താന്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു. 600ലധികം അപേക്ഷകളാണ് ഇത്തരത്തില്‍ ബി.സി.സി.ഐക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ നിന്നും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്ത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നും അഞ്ച് പേരെ തെരഞ്ഞെടുക്കുകയും ചെയ്യും.

അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പേ, സൗലക്ഷണ നായിക് എന്നിവരാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇവര്‍ പെട്ടെന്ന് തന്നെ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഈ വര്‍ഷത്തെ അവസാന പരമ്പരയില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയത്.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഇനിയുള്ള നാല് ടെസ്റ്റില്‍ മൂന്ന് മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കും.

Content highlight: BCCI says KL Rahul’s T20 career is over, Reports

We use cookies to give you the best possible experience. Learn more