| Saturday, 13th August 2022, 11:22 am

ധോണിക്ക് നേരെ കണ്ണുരുട്ടി ബി.സി.സി.ഐ; കിട്ടിയത് എട്ടിന്റെ പണി, പൊലിഞ്ഞത് പണം വാരാനുള്ള മോഹങ്ങളും

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അധീനതയിലുള്ള ടീമായ ജോഹനാസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ മെന്റര്‍ സ്ഥാനത്തേക്കെത്താനുള്ള ധോണിയുടെയും ടീമിന്റെയും മോഹങ്ങള്‍ക്ക് തിരിച്ചടി. ബി.സി.സി.ഐയാണ് താരത്തിന്റെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

പുതിയ ടീമിന്റെ മെന്ററായി ധോണിയെയും കോച്ചായി സി.എസ്.കെയുടെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയും കൊണ്ടുവരാനായിരുന്നു മാനേജ്‌മെന്റിന്റെ പദ്ധതി.

ധോണിക്ക് പുറമെ ഐ.പി.എല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന എല്ലാ താരങ്ങളെയും മറ്റേതെങ്കിലും ടീമിന്റെ മെന്ററോ കോച്ചോ ആവുന്നതില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ.പി.എല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി തുടരുന്നതിനാലാണ് ധോണിക്ക് ബി.സി.സി.ഐ എന്‍.ഒ.സി നിഷേധിച്ചിരിക്കുന്നത്.

അടുത്ത സീസണിലും താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ബി.സി.സി.ഐ നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

‘ഞങ്ങള്‍ ഒരു താരത്തേയും പുതിയ രണ്ട് ലീഗിലും കളിക്കാന്‍ അനുവദിക്കില്ല. ഏതെങ്കിലും താരത്തിന് ഈ രണ്ട് ലീഗിലും കളിക്കണെന്നാണെങ്കില്‍ അവര്‍ ബി.സി.സി.ഐയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

ധോണിയുടെ മെന്റര്‍ഷിപ്പിനെ കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ ‘ധോണിക്ക് ആ ടീമിന്റെ ഉപദേഷ്ടാവണമെങ്കില്‍ അത് ആവാം. എന്നാല്‍ അദ്ദേഹത്തിന് ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിക്കില്ല. അദ്ദേഹം ഇതിനിറങ്ങും മുമ്പേ ഐ.പി.എല്ലില്‍ നിന്നും വിരമിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ല്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രെസ്സിങ് റൂമിലിരുന്ന് ഒരു സി.പി.എല്‍ മത്സരം കണ്ടതില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് മാപ്പപേക്ഷിക്കേണ്ടതായി വന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്.

കാര്‍ത്തിക്കിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രകാരം മറ്റൊരു ടീമിന്റെ ഡ്രസ്സിങ് റൂമില്‍ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം ബോര്‍ഡിന്റെ അനുമതി വാങ്ങണമായിരുന്നു.

ബി.സി.സി.ഐയുടെ ഈ നയം കാരണമാണ് ബിഗ് ബാഷ് ലീഗ് അടക്കമുള്ള ഒരു ലീഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഇന്ത്യയുടെ പല വനിതാ താരങ്ങളും ബി.ബി.എല്ലില്‍ കളിക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഒരുപക്ഷേ, വനിതാ ഐ.പി.എല്‍ വന്നാല്‍ വനിതാ താരങ്ങളുടെ ബി.ബി.എല്‍ കരിയറും അവസാനിച്ചേക്കാം.

Content highlight: BCCI said that Dhoni cannot be a mentor in any other team or any other franchise league.

Latest Stories

We use cookies to give you the best possible experience. Learn more