'ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം അട്ടിമറിക്കാന്‍ ശ്രമം'; പിച്ചിന്റെ സ്വഭാവമടക്കം വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി ക്യൂറേറ്റര്‍; വീഡിയോ പുറത്തു വിട്ട് ഇന്ത്യ ടുഡെ
DSport
'ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം അട്ടിമറിക്കാന്‍ ശ്രമം'; പിച്ചിന്റെ സ്വഭാവമടക്കം വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി ക്യൂറേറ്റര്‍; വീഡിയോ പുറത്തു വിട്ട് ഇന്ത്യ ടുഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 12:33 pm

പൂനെ: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനത്തിന് മുമ്പായി ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഇന്ത്യാ ടുഡെ. പൂനെയിലെ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ക്യൂറേറ്റര്‍ ചോര്‍ത്തി കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ടിരിക്കുകയാണ് ഇന്ത്യ ടുഡെ. ഒത്തുകളിയ്ക്ക് നീക്കമുണ്ടെന്ന് വ്യക്തമായതോടെ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

പൂനെ പിച്ച് ബാറ്റിംഗിനെ തുണക്കുന്നന്നതാണെന്ന വിവരം ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ പാണ്‍ദുര്‍ സല്‍ഗോണ്ഡക്കര്‍ വാതുവെപ്പുകാരെന്ന വ്യാജേനെയെത്തിയ ഇന്ത്യ ടുഡെ റിപ്പോര്‍ട്ടര്‍ക്ക് “ചോര്‍ത്തി” നല്‍കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പിച്ച് ബാറ്റിംഗിനെ തുണക്കുന്നതാണെന്നും 337 റണ്‍സ് വരെ പിന്തുടര്‍ന്ന് വിജയിക്കാന്‍ കഴിയുമെന്ന വിവരവുമാണ് വാതുവെപ്പുകാര്‍ക്ക് ക്യൂറേറ്റര്‍ കൈമാറിയത്. ക്രിക്കറ്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണിതെന്നും അതിനാല്‍ മത്സരം ഉപേക്ഷിച്ച് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Also Read: ‘ഇതു പറഞ്ഞത് ശശികലയല്ല, ശോഭാ സുരേന്ദ്രനുമല്ല, വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്’; ചിന്തയുടെ ജിമിക്കി കമ്മല്‍ ട്രോളുന്നവര്‍ കേള്‍ക്കാതെ പോകുന്നതെന്തെന്ന് ശാരദക്കുട്ടി


എന്നാല്‍ പിച്ച് ക്യൂറേറ്ററെ പുറത്താക്കിയതായാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭയ് ആബ്തേ അറിയിച്ചത്. സംഭവത്തെ കുറിച്ച് പരിശോധിച്ച് വരുകയാണെന്നും കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഫെബ്രുവരിയില്‍ ഇവിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മത്സരം തുടങ്ങും മുമ്പ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും സ്പിന്‍ ഇതഹാസം ഷെയിന്‍ വോണുമെല്ലാം പിച്ചിനെതിരെ രംഗത്ത് വന്നിരുന്നു. താന്‍ ഇതുവരെ ഇങ്ങനെയൊരു പിച്ച് കണ്ടിട്ടില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. മത്സര ശേഷം ക്യൂറേറ്റര്‍ ബിസിസിഐയ്ക്കെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു.