ന്യൂദല്‍ഹി: ദേശീയ ടീമില്‍ ഇല്ലാത്തവരും 30 വയസ്സു പിന്നിട്ടവരുമായ ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന സുരേഷ് റെയനയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി.സി.സി.ഐ. വിരമിക്കല്‍ പ്രായമാവുമ്പോള്‍ അത്തരത്തിലുള്ള തോന്നലുകള്‍ സ്വാഭാവികമാണെന്നും അത്തരമൊരു അഭിപ്രായം പറഞ്ഞതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് ബി.സി.സി.ഐ വക്താവ് പ്രതികരിച്ചത്.
ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ എക്‌സ്‌ക്ലൂസിവിറ്റി കാത്തു സൂക്ഷിക്കാനും കരാറില്ലാത്ത താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ മികച്ച മൂല്യം ഉറപ്പാക്കാനുമാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നതെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ ചാറ്റിനിടെയാണ് 30 പിന്നിട്ട ദേശീയ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് റെയ്‌ന ആവശ്യപ്പെട്ടത്. പഠാനും ഈ ആവശ്യത്തെ പിന്താങ്ങിയിരുന്നു.
‘വിരമിക്കല്‍ പ്രായം അടുക്കുമ്പോള്‍ ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്ത വരുമ്പോഴാണ് ഇത്തരം ആശയങ്ങളൊക്കെ മനസ്സിലേക്ക് വരിക. അതിനെ കുറ്റം പറയാനാവില്ല,’ ബി.സി.സി.ഐ വക്താവ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ജനുവരിയില്‍ വിരമിച്ച ഇര്‍ഫാന്‍ പഠാനുമായി ലോക്ഡൗണിനിടെ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് സുരേഷ് റെയന തന്റെ അഭിപ്രായം പറഞ്ഞത്.
‘ ഐസിസിയുമായും ഐ.പി.എല്‍ ടീമുകളായും കൂടിയാലോചിച്ച് ദേശീയ ടീമില്‍ ഇടമില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുവാദം ബി.സി.സി.ഐ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാനും യൂസഫ് പഠാനും റോബിന്‍ ഉത്തപ്പയും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ ലീഗുകളില്‍ കളിച്ച് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനാവും,’ റെയ്‌ന പറഞ്ഞു.
‘ഞങ്ങള്‍ ഐ.പി.എല്‍ ടീമില്‍ കളിക്കുന്നുണ്ടെന്നത് ശരിയാണ്. എങ്കിലും നമ്മുടെ സെലക്ടര്‍മാര്‍ക്ക് ദേശീയ ടീമിലേക്ക് പരിഗണിക്കുന്ന 40-50 താരങ്ങളുണ്ടാകുമല്ലോ. അതില്‍ ഉള്‍പ്പെടുത്തവരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചു കൂടേ? ഇക്കാര്യത്തില്‍ നമുക്കൊരു പ്ലാന്‍ ബി ഇല്ല എന്നത് പോരായ്മയാണ്. ഞങ്ങള്‍ക്കെല്ലാം വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം നല്‍കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യും,’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക