2023-24 വര്‍ഷങ്ങളിലെ ബി.സി.സി.ഐ കേന്ദ്ര കരാറുകളില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. എ പ്ലസ് വിഭാഗത്തില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, എന്നിവരാണ് പുതുക്കിയ കരാര്‍ അനുസരിച്ച് സ്ഥാനം നേടിയത്.
ഇന്ത്യന്‍ താരങ്ങളെ അവരുടെ ആന്വല്‍ കോണ്‍ട്രാക്ടിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ എ പ്ലസ്, എ, ബി, സി എന്നീ കാറ്റഗറികളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരത്തിന് വര്‍ഷത്തില്‍ ഏഴ് കോടി രൂപ ലഭിക്കും. എ കാറ്റഗറിയിലെ താരത്തിന് അഞ്ച് കോടിയും ബി കാറ്റഗറയിലുള്ള താരത്തിന് മൂന്ന് കോടിയും സി കാറ്റഗറിക്ക് ഒരു കോടിയുമാണ് ലഭിക്കുക.
ഗ്രേഡ് എ പ്ലസ് (ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍)
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ (അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍)
ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ
ഗ്രേഡ് ബി (മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍)
സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍
ഗ്രേഡ് സി (ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍)
റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്വാദ്, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ് സിങ്, കെ.എസ്. ഭരത്, പ്രസീദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പാടിദര്‍.
ഗ്രേഡ് സിയില്‍ നിന്നുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയും മധ്യനിര താരം ശ്രേയസ് അയ്യരെയും പുറത്താക്കിയത്.
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച താരങ്ങള്‍ക്ക് നേരെ അടുത്തിടെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. കരിയറില്‍ ഏറെ കാലത്തെ ഇടവേള എടുത്തപ്പോള്‍ ബി.സി.സി.ഐ ഇരുവരോടും ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.
ജാര്‍ഖണ്ഡിന് വേണ്ടി കളിക്കുന്നതില്‍ നിന്നും ഇഷാന്‍ കിഷന്‍ പൂര്‍ണമായും പിന്മാറിയപ്പോള്‍ ശ്രേയസ് അയ്യര്‍ മുംബൈക്ക് വേണ്ടി സെമിഫൈനലില്‍ കളിക്കുമെന്ന് പറയുകയായിരുന്നു.
Content Highlight: B.C.C.I released new annual contracts