| Wednesday, 17th May 2023, 8:37 pm

അത് പാകിസ്ഥാന്റെ വെറും ആഗ്രഹം; ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂ ദല്‍ഹി: സമീപഭാവിയിലൊന്നും ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര നടത്താന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ദ്വിരാഷ്ട്ര പരമ്പരയ്ക്കും തങ്ങള്‍ തയ്യാറല്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പ്രതികരിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി ഒരു നിഷ്പക്ഷ വേദിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്ക് അനുമതി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബി.സി.സി.ഐ എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

2007ന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടില്ല. 2013ല്‍ ആയിരുന്നു ഇരു ടീമുകളും അവസാനമായി ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. ഏകദിന, ടി20 മത്സരങ്ങള്‍ മാത്രമായിരുന്നു അന്ന് കളിച്ചത്.

അതിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന് വേദിയൊരുക്കാമെന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പ് കാണാന്‍ 90,000ത്തിലധികം കാണികളാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

എന്നാല്‍ ബി.സി.സി.ഐയും വിദേശകാര്യ മന്ത്രാലയവും ആവശ്യത്തോട് താല്‍പര്യം കാണിച്ചിരുന്നില്ല. ഇതേ ആവശ്യവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. എങ്കിലും ഇന്ത്യ-പാക് ദ്വിരാഷ്ട്ര പരമ്പരയോട് ഇന്ത്യ നോ എന്ന് തന്നെ പറഞ്ഞു.

ഐ.പി.എല്ലിന് ശേഷം ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത് കംഗാരുപ്പടയുമായുള്ള വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഈ മത്സരത്തിന് ഇനി 22 ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിലേക്കാണ് രോഹിത്തും സംഘവും മുഴുവന്‍ ശ്രദ്ധയും നല്‍കുന്നത്.

content highlights: bcci rejects india-pakistan test series in future

We use cookies to give you the best possible experience. Learn more