മുംബൈ: മഹേന്ദ്രസിംഗ് ധോണിയെ ടി-20 ലോകകപ്പ് ഉപദേശക സ്ഥാനത്ത് (മെന്റര്‍) നിയമിച്ചതിനെതിരെ ബി.സി.സി.ഐയില്‍ പരാതി. ലോധ കമ്മിറ്റി പരിഷ്‌കാരങ്ങള്‍ക്ക് വിരുദ്ധമായാണ് ധോണിയെ പരിഗണിച്ചതെന്നാണ് പരാതി.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് ബി.സി.സി.ഐയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയ്ക്കും സെക്രട്ടറി ജയ് ഷായ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരം ഒരാള്‍ക്ക് രണ്ട് സ്ഥാനങ്ങളിലിരിക്കുന്നതിന് തടസമുണ്ട്. ധോണി നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ക്യാപ്റ്റനാണ്. ധോണിയെ ദേശീയ ടീം ഉപദേശക സ്ഥാനത്തേക്ക് നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് സഞ്ജീവ് പറയുന്നത്.
ബി.സി.സി.ഐ ഭരണഘടനയുടെ 38(4) ക്ലോസ് പ്രകാരം ഇരട്ടപദവി അനുവദിക്കില്ലെന്നാണ് പറയുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് സഞ്ജീവിന്റെ പരാതി.
പ്രഥമ ടി-20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ധോണിയായിരുന്നു. ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഏറെ കാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റിന് പുറത്തുള്ള രവിചന്ദ്ര അശ്വിന്റെ ടീമിലേക്ക് തിരിച്ചു വന്നപ്പോള്‍ യൂസ്‌വേന്ദ്ര ചഹലിനും ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കും ടീം പ്രഖ്യാപനത്തില്‍ നിരാശപ്പെടേണ്ടി വന്നു.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യു.എ.ഇയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്.