പൗരത്വ നിയമത്തിനെതിരായ പ്രതികരണം ഡിലീറ്റ് ചെയ്ത് സൗരവ് ഗാംഗുലിയുടെ മകള്‍; കാരണം ഗാംഗുലിയുടെ രാഷ്ട്രീയ നിലപാട്?
CAA Protest
പൗരത്വ നിയമത്തിനെതിരായ പ്രതികരണം ഡിലീറ്റ് ചെയ്ത് സൗരവ് ഗാംഗുലിയുടെ മകള്‍; കാരണം ഗാംഗുലിയുടെ രാഷ്ട്രീയ നിലപാട്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 12:15 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരാണു നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നത്. സിനിമാ താരങ്ങളും കായിക താരങ്ങളും അടക്കമുള്ള ഒരു വലിയ വിഭാഗം തന്നെ നിയമത്തിനെതിരെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ചര്‍ച്ചയായിരിക്കുന്നത്, ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയുടെ പ്രതികരണമാണ്.

ഖുഷ്വന്ത് സിങ് എഴുതിയ ‘ദി എന്‍ഡ് ഓഫ് ഇന്ത്യ’യുടെ ഒരു ഭാഗം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഇന്നലെ സന വിഷയത്തില്‍ നിലപാടെടുത്തത്. പോസ്റ്റില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗമാണു ചേര്‍ത്തിരുന്നത്.

എന്നാല്‍ സാധാരണ 24 മണിക്കൂര്‍ നിലനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി അതിനും മുന്‍പേ ഡിലീറ്റായിക്കഴിഞ്ഞിരിക്കുന്നു. സന ഈ സ്റ്റോറി ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നില്‍ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേള്‍ക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഗാംഗുലി ബി.ജെ.പി ക്യാമ്പിലേക്ക് പോകുമെന്ന പ്രചാരണം ഏറെനാളായി നടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇതു വ്യാപകമായി ഉയര്‍ന്നുകേട്ടിരുന്നു. പലപ്പോഴായി ബി.ജെ.പി ദേശീയ നേതൃത്വം ഗാംഗുലിയെ പാര്‍ട്ടിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബി.സി.സി.ഐ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ ബംഗാള്‍ തെരുവിലിറങ്ങിയപ്പോള്‍ ഗാംഗുലി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല.

സനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്ന ‘ദി എന്‍ഡ് ഓഫ് ഇന്ത്യ’യിലെ ഭാഗം ഇങ്ങനെ:

‘മുസ്‌ലിങ്ങള്‍ അല്ലാത്തതിനാല്‍ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. ഇന്നു നമ്മള്‍ നിശബ്ദരാവുകയാണെങ്കില്‍ ഇനി അവര്‍ തേടിവരിക പാവാട ധരിക്കുന്നവരെയും മദ്യം കഴിക്കുന്നവരെയും വിദേശ സിനിമകള്‍ കാണുന്നവരെയും ആവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാസിസ്റ്റ് ഭരണകൂടത്തിന് അതിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ഒരുകൂട്ടം ആളുകളെ വേണം. അത് ഒന്നില്‍നിന്നു മറ്റൊന്നായി വളര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ പലപ്പോഴും അതവസാനിക്കുകയില്ല. ഇപ്പോള്‍ത്തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടരുന്ന യുവതയെയും ഈ ഭരണകൂടം ലക്ഷ്യംവെച്ചു കഴിഞ്ഞിരിക്കുന്നു.

രോഗം വരുമ്പോള്‍ അലോപ്പതി ഡോക്ടര്‍മാരെ കാണാന്‍ ആഗ്രഹിക്കുകയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പല്ലുതേക്കുമ്പോഴും ചുംബിച്ചുകൊണ്ടോ കൈകൊടുത്തുകൊണ്ടോ അഭിവാദ്യം ചെയ്യുമ്പോഴും ജയ് ശ്രീറാം മുഴങ്ങാം. ഇവിടെയാരും സുരക്ഷിതരല്ല. ഇന്ത്യയെ തിരികെ വേണമെങ്കില്‍ നമുക്കീ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.’- പോസ്റ്റില്‍ പറയുന്നു.