തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിന്‍ ”നോ ടു ഡ്രഗ്‌സ്” ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനെന്നും ഗാംഗുലി പറഞ്ഞു.
ഈ പ്രചാരണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയില്‍ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം. സര്‍ക്കാരിന്റെ ഈ പരിപാടിക്ക് അതീവ പ്രാധാന്യമുണ്ടെന്നും ഗാംഗുലി പറഞ്ഞു.
താന്‍ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നെന്നും നല്ല ഓര്‍മകള്‍ മാത്രമാണ് കേരളം നല്‍കിയിട്ടുള്ളതെന്നും ഗാംഗുലി പറഞ്ഞു. മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഗോ പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രമാരായ കെ .രാജന്‍, കെ. രാധാകൃഷ്ണന്‍, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ് ചീഫ് സെക്രട്ടറി വി.പി. ജോയ്, എക്‌സൈസ് കമ്മീഷണര്‍ അനന്തകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. സൗരവ് ഗാംഗുലിയുടെ സാന്നിധ്യം സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജവും കരുത്തും പകരുമെന്ന് മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ദാദ ക്രീസ് വിട്ട് ചാടിയിറങ്ങിയാല്‍ പന്ത് ബൗണ്ടറിക്ക് പുറത്തു സ്റ്റാന്‍ഡില്‍ നോക്കിയാല്‍ മതി. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഭാഗഭാക്കായി.
ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരവ് ഗാംഗുലിക്ക് നല്‍കി പ്രകാശനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താന്‍ സന്ദര്‍ശിച്ചിട്ടുള്ള തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുടെ മനോഹാരിതയെക്കുറിച്ചും കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികള്‍ക്കും ബംഗാളികള്‍ക്കും പൊതുവായുള്ള ഫുട്‌ബോള്‍ ഭ്രമത്തെക്കുറിച്ചുമൊക്കെ സൗരവ് ഗാംഗുലി സംസാരിച്ചു.
പോരാട്ടങ്ങളെയെല്ലാം മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ലോര്‍ഡ്‌സിലെ വിജയത്തിന് ശേഷം കുപ്പായമൂരി ആകാശത്തേക്ക് ചുഴറ്റിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഹ്ലാദം ക്രിക്കറ്റിന്റെ യാഥാസ്ഥിതികരെയെല്ലാം ഞെട്ടിച്ചതാണ്. ഓഫ്സൈഡിലെ ദൈവം എന്നറിയപ്പെട്ട ഗാംഗുലിയുടെ ബാറ്റിങ് മാസ്മരിക സൗന്ദര്യമുള്ളതായിരുന്നു,’ രാജേഷ് പറഞ്ഞു.
CONTENT HIGHLIGHT: BCCI president Sourav Ganguly praises Chief Minister Pinarayi Vijayan