| Wednesday, 20th July 2022, 8:40 pm

സേവാഗും യുവരാജുമുണ്ട്, പക്ഷേ ഗാംഗുലിയില്ല; വാര്‍ത്തകള്‍ നിഷേധിച്ച് സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ (എല്‍.എല്‍.സി)യില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി.

ടൂര്‍ണമെന്റിന്റെ സംഘാടകര്‍ സൗരവ് ഗാംഗുലിയും എല്‍.എല്‍.സിയുടെ ഭാഗമാകുമെന്ന പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് താരം വാര്‍ത്തകള്‍ നിഷേധിച്ചത്.

ഗാംഗുലി കളിക്കാന്‍ സമ്മതം അറിയിച്ചു എന്ന തരത്തിലായിരുന്നു ടൂര്‍ണമെന്റിന്റെ സംഘാടകര്‍ പ്രസ് റിലീസ് പുറത്തുവിട്ടത്. ഗാംഗുലി കളിക്കാനെത്തുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളും എല്‍.എല്‍.സിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്. എന്‍.ഡി.ടിവിയോടായിരുന്നു ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നില്ല, പുറത്തുവന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണ്,’ ഗാംഗുലി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ശ്രീശാന്താണ് എല്‍.എല്‍.സിയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ച അവസാന ഇന്ത്യന്‍ താരം.

‘കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിലും ലെജന്‍ഡ്സിന്റെ ഭാഗമാവുന്നതിലും ഞാന്‍ ഏറെ ആവേശഭരിതനാണ്. എല്‍.എല്‍.സി രണ്ടാം സീസണ്‍ കളിക്കാന്‍ തന്നെയാണ് തീരുമാനം,’ ശ്രീശാന്ത് പറയുന്നു.

വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താല്‍, ബദ്രിനാഥ്, ആര്‍.പി. സിങ്, പ്രഗ്യാന്‍ ഓജ, നമന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ഭാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി എന്നിവരാണ് 2022 എഡിഷനില്‍ എല്‍.എല്‍.സിയില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ എന്നിവിടങ്ങളിലെ മുന്‍ താരങ്ങളുടെ ലീഗാണ് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് എന്ന എല്‍.എല്‍.സി.

ഇത്തവണ ഒമാനില്‍ വെച്ച് നടക്കുന്ന ലീഗിന്റെ രണ്ടാം സീസണില്‍ നാല് ടീമുകളായിരിക്കും കളിക്കുകയെന്നും ഇതിനായുള്ള 110 താരങ്ങളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും എല്‍.എല്‍.സിയുടെ സി.ഇ.ഒ ആയ രമണ്‍ രഹേജ പറഞ്ഞു.

മൂന്ന് ടീമാണ് ഉദ്ഘാടന സീസണില്‍ എല്‍.എല്‍.സിയില്‍ കളിച്ചത്. ഇന്ത്യന്‍ താരങ്ങള്‍, ഏഷ്യന്‍ താരങ്ങള്‍, മറ്റ് ടീമിലെ താരങ്ങള്‍ എന്നിങ്ങനെയായിരുന്നു ടീമുകളെ തരം തിരിച്ചത്.

ഇന്ത്യന്‍ താരങ്ങളുടെ സ്വന്തം ഇന്ത്യ മഹാരാജാസ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഏഷ്യ ലയണ്‍സ്, മറ്റ് ലോകോത്തര താരങ്ങളുടെ ടീമായ വേള്‍ഡ് ജയന്റ്സ് എന്നിവരായിരുന്നു ആദ്യ സീസണിലെ ടീമുകള്‍. വേള്‍ഡ് ജയന്റ്സായിരുന്നു ആദ്യ സീസണിലെ ചാമ്പ്യന്‍മാര്‍.

Content Highlight: BCCI President Sourav Ganguly Denies He Is Part Of Legends League Cricket

Latest Stories

We use cookies to give you the best possible experience. Learn more