ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിനെ പോലെ ഇത്ര മനോഹരമായി ഇന്ത്യയെ നയിക്കാന്‍ സാക്ഷാല്‍ കപില്‍ ദേവിനും എം.എസ്. ധോണിക്കും പോലും സാധിച്ചിരുന്നില്ല.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കളി രീതിയേയും ശൈലിയേയും തന്നെ ഉടച്ചുവാര്‍ത്ത് ടീം കെട്ടിപ്പടുത്ത വിരാടിനിപ്പോള്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്തതും താന്‍ പടുത്തുയര്‍ത്തിയ പ്രാതാപത്തിന്റെ നിഴലില്‍ പോലും എത്താനാവാത്തതുമാണ് താരത്തെ ഇപ്പോള്‍ അപ്രസക്തനാക്കുന്നത്.
വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനൊരു ഭാരമാണെന്നും വിരാടിനെ പോലെയുള്ള താരങ്ങളെ ഇന്ത്യന്‍ ടീം ചുമക്കേണ്ടതുണ്ടോ എന്നടക്കമുള്ള വിമര്‍ശനങ്ങള്‍ താരത്തിന് കേള്‍ക്കേണ്ടി വന്നിരുന്നു.
ഇന്റര്‍നാഷണല്‍ താരങ്ങള്‍ മുതല്‍ മുന്‍ ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ് എന്നിവരടക്കം വിരാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോള്‍ വിരാടിന് പിന്തുണയറിയിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. വിമര്‍ശിക്കുന്നതിന് മുമ്പ് വിരാട് ഇന്ത്യയ്ക്ക് വേണ്ടി നേടിയ നേട്ടങ്ങള്‍ മറക്കരുതെന്നായിരുന്നു താരം പറഞ്ഞത്.
ഇപ്പോഴുള്ള സാഹചര്യങ്ങള്‍ മറികടന്ന് താരം വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.
‘അവന്‍ മടങ്ങിയെത്തും. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവന്റെ നേട്ടങ്ങള്‍ പരിശോധിക്കൂ. അത്രയും നല്ല പ്രകടനം നടത്താന്‍ കഴിവും ക്വാളിറ്റി ക്രിക്കറ്റുമില്ലെങ്കില്‍ ഒരിക്കലും സാധിക്കില്ല.
അതെ, അവനിപ്പോള്‍ മോശം സമയത്തിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്, ആ കാര്യം അവന് അറിയുകയും ചെയ്യാം. അവന്‍ മികച്ച താരമായി സ്വയം വളര്‍ന്നതാണ്. അവന്‍ അവന്റെ സ്റ്റാന്‍ഡേര്‍ഡുകളിലൂടെയാണ് അറിയപ്പെടുന്നത്.
ഇത്തരം സമയങ്ങളില്‍ അവന്‍ മടങ്ങി വരുന്നതും ഗംഭീര പ്രകടനം പുറത്തെടുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ 12-13 വര്‍ഷങ്ങളായി അവന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ, അതിലേക്ക് മടങ്ങിയെത്താന്‍ അവന്‍ തന്നെ ഒരു വഴി കണ്ടുപിടിക്കേണ്ടതുണ്ട്. അവന്‍ മാത്രമേ അതിന് സാധിക്കൂ,’ ഗാംഗുലി പറയുന്നു.
സച്ചിനടക്കമുള്ള താരങ്ങള്‍ ഇത്തരം മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങിവന്നിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍, അതേസമയം, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും വിരാടിനെ ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് വിന്‍ഡീസ് പര്യടനത്തില്‍ നിന്നും കോഹ്‌ലിയെ ഒഴിവാക്കിയത്.
Content highlight: BCCI President Sourav Ganguly backs Virat Kohli