അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഒരു സ്വപ്‌നം കണക്കെയാണ് ഞാന്‍ കണ്ടുനിന്നത്, എന്തൊരു പ്രകടനമായിരുന്നു; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ്
Cricket
അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഒരു സ്വപ്‌നം കണക്കെയാണ് ഞാന്‍ കണ്ടുനിന്നത്, എന്തൊരു പ്രകടനമായിരുന്നു; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th October 2022, 1:37 pm

ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങളുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തേകിയത്.

പാകിസ്ഥാനെതിരെയുള്ള നിര്‍ണായക മത്സരത്തിന് സമാനമായിട്ടുള്ള മികച്ച ഇന്നിങ്സ് തന്നെയാണ് നെതര്‍ലന്‍ഡ്‌സിനെതിരെയും കോഹ്ലി കാഴ്ചവെച്ചത്. 44 പന്തില്‍ 62 റണ്‍സാണ് താരം പുറത്താകാതെ നേടിയത്.

കഴിഞ്ഞ ഇന്നിങ്സില്‍ പാകിസ്ഥാന്റെ റൗഫ് എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലി നേടിയ ക്വാളിറ്റി സിക്സര്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. വളരെ അനായാസമായി കോഹ്ലി സിക്സര്‍ തൊടുത്തുവിടുന്നതാണ് ഇതിന് കാരണം.

അതിന് സമാനമായുള്ള രണ്ട് സിക്സുകളും നെതര്‍ലന്‍ഡ്‌സിനെതിരെ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് കാണാനായി. ഈ തകര്‍പ്പന്‍ ഇന്നിങ്സോടെ ടി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരിക്കുകയാണ് കോഹ്ലി.

965 റണ്‍സുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെയാണ് കോഹ്ലി പിന്തള്ളിയത്. 21 ഇന്നിങ്‌സില്‍നിന്ന് 989 റണ്‍സാണ് കോഹ്ലി ടി-20 ലോകകപ്പില്‍ ഇതുവരെ നേടിയത്. ഇതില്‍ 12 അര്‍ധസെഞ്ച്വറിയാണ് താരം നേടിയത്.

മത്സരം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിരാടിനുള്ള പ്രശംസകള്‍ നിലച്ചിട്ടില്ല. താരത്തിന്റെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ് റോജര്‍ ബിന്നി.

തന്നെ സംബന്ധിച്ച് അതൊരു സ്വപ്നം പോലെയായിരുന്നെന്നും ഗാലറിയിലേക്ക് കോഹ്‌ലി അങ്ങനെ പന്തടിച്ചത് വിശ്വസിക്കാനായില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാകിസ്ഥാനെതിരെ ടീം ഇന്ത്യ നേടിയത് വിസ്മയ വിജയമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കാണികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇത്തരം മത്സരമാണ്. കൂടുതല്‍ സമയം പാകിസ്ഥാന് അനുകൂലമായിരിക്കുകയും പെട്ടെന്ന് ടീം ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് വരുന്നതുമായ ഇത്തരം മത്സരങ്ങള്‍ നിങ്ങള്‍ അധികമൊന്നും കണ്ടുകാണില്ല.

വിരാടിന് തെളിയിക്കാനൊന്നുമില്ല. അദ്ദേഹമൊരു ക്ലാസ് താരമാണ്. അദേഹത്തെ പോലുള്ള താരങ്ങള്‍ സമ്മര്‍ദഘട്ടങ്ങളില്‍ മികവ് കാട്ടും. സമ്മര്‍ദ സാഹചര്യം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കും,’ റോജര്‍ ബിന്നി പറഞ്ഞു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിഡ്‌നിയല്‍ നടന്ന മത്സരത്തില്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തു.

25 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ച്വറി തികച്ചത്.

ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഭുവനേശ്വര്‍ കുമാറും അക്‌സര്‍ പട്ടേലും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.

Content Highlights: BCCI president Roger Benny praises Virat Kohli for his Master Class performance