നിലപാട് മാറ്റാന്‍ ബി.സി.സി.ഐ; ഇന്ത്യന്‍ ടീം ഇനി പാകിസ്ഥാനിലേക്ക്?
Sports News
നിലപാട് മാറ്റാന്‍ ബി.സി.സി.ഐ; ഇന്ത്യന്‍ ടീം ഇനി പാകിസ്ഥാനിലേക്ക്?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 6:13 pm

പാകിസ്ഥാനില്‍ കളിക്കില്ലെന്ന നിലപാട് മാറ്റി ബി.സി.സി.ഐ. 2023ല്‍ പാകിസ്ഥാന്‍ വേദിയാകുന്ന ഏഷ്യാകപ്പിന് ഇന്ത്യന്‍ ടീമിനെ അയക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തിന് മുമ്പായി സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കിയ നോട്ടീസിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് ഏകദിന ടൂര്‍ണമെന്റായാണ് നടത്തുന്നത്. ഏഷ്യാകപ്പിനുശേഷം ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കും. 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പൂര്‍വസ്ഥിതിയിലായാല്‍ പാക് കളിക്കാര്‍ ഐ.പി.എല്ലില്‍ കളിക്കാനുള്ള സാധ്യതയും തെളിയും.

2022ലെ ടി-20 ലോകകപ്പില്‍ ഒക്ടോബര്‍ 23ന് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരും. 2022ലെ ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഒരു തവണ വീതം ജയിച്ചു. അതിനുമുമ്പ്, 2021 ലെ ഐ.സി.സി ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോര്‍ത്തു. അന്ന് പാകിസ്ഥാനായിരുന്നു ജയം.

Content Highlight: BCCI plans to send Indian team to Asia Cup to be held in Pakistan in 2023