| Monday, 5th February 2018, 1:17 pm

'കോഴത്തുക പങ്കിട്ടെടുക്കുന്നതിനെക്കുറിച്ച് ശ്രീശാന്തും ജിജു ജനാര്‍ദ്ധനും തമ്മിലുള്ള സംഭാഷണത്തിന്റെ തെളിവുകള്‍ ഉണ്ട്'; ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

iplദല്‍ഹി: ടീമില്‍ തിരിച്ചെടുക്കണമെന്ന ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബി.സി.സി.ഐ സുപ്രീംകോടതിയില്‍. വാതുവെയ്പ്പ് നടന്നുവെന്നതിന് തെളിവുണ്ടെന്നും ശ്രീശാന്തിന്റെ ആവശ്യം തള്ളണമെന്നും ബി.സി.സി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.

കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദ്ധനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം കൈയിലുണ്ടെന്നും ബി.സി.സി.ഐ കോടതിയെ അറിയിച്ചു.

അതേസമയം, ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബി.സി.സി.ഐ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, വിനോദ് റായി എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

2013 ലെ ഐ.പി.എല്‍ സീസണിലായിരുന്നു കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ബി.സി.സി.ഐ താരത്തിന് ആജീവനാന്ത് വിലക്കേര്‍പ്പെടുത്തി. പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഇതിനെതിരെ ബി.സി.സി.ഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more