| Tuesday, 2nd April 2019, 4:16 pm

സ്ത്രീവിരുദ്ധ പരാമര്‍ശം: പാണ്ഡ്യയും രാഹുലും ഹാജരാകണം; ലോകകപ്പ് സ്വപ്നങ്ങള്‍ക്കു മങ്ങലേല്ക്കുമോയെന്ന ആശങ്കയില്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ടെലിവിഷന്‍ ചാറ്റ്ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് ബി.സി.സി.ഐ. ഓംബുഡ്സ്മാന്‍ നോട്ടീസയച്ചു. ഏപ്രില്‍ ഒമ്പത്, പത്ത് തീയതികളിലായി മുംബൈയില്‍ നടക്കുന്ന വാദംകേള്‍ക്കലില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ഡി.കെ. ജെയ്ന്‍ നോട്ടീസയച്ചത്.

ഒമ്പതിനു പാണ്ഡ്യയോടും പത്തിനു രാഹുലിനോടുമാണു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു സ്വാഭാവികപ്രക്രിയ മാത്രമാണെന്നും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും ജെയ്ന്‍ പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ ഇരുവരുടെയും ടീമുകളായ മുംബൈ ഇന്ത്യന്‍സും (പാണ്ഡ്യ), കിങ്സ് ഇലവന്‍ പഞ്ചാബും (രാഹുല്‍) പരസ്പരം ഏറ്റുമുട്ടുന്നതു രാഹുലിന്റെ വാദംകേള്‍ക്കുന്ന പത്തിനാണ്. വാദംകേള്‍ക്കുന്ന മുംബൈയില്‍ത്തന്നെ രാത്രി എട്ടുമണിക്കാണു മത്സരം. അന്നു രാഹുലിനു കളിക്കാനാകുമോയെന്ന കാര്യം സംശയമാണ്.

കൂടാതെ മേയ് 30-നാരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ ഏപ്രില്‍ 25-നാണു തിരഞ്ഞെടുക്കുന്നത്. സംഭവത്തില്‍ ബി.സി.സി.ഐ. നടപടികള്‍ നീണ്ടുപോകുന്നത് ഇരുവരുടെയും ലോകകപ്പ് സ്വപ്നങ്ങള്‍ക്കു മങ്ങലേല്പിക്കും.

ജനുവരി ഒമ്പതിനു പ്രക്ഷേപണം ചെയ്ത “കോഫി വിത്ത് കരണ്‍” ഷോയില്‍ പങ്കെടുക്കവെയാണ് ഇരുവരും വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. അന്ന് ഓസ്ട്രേലിയന്‍ പര്യനടത്തിനിടയിലായിരുന്ന ഇരുവരെയും ബി.സി.സി.ഐ. വിളിച്ചുവരുത്തുകയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. ജനുവരി 24-ന് സോപാധികമായി സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

We use cookies to give you the best possible experience. Learn more