ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളെ നഗ്നരാക്കി ചാട്ടവാര്‍ കൊണ്ടടിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളെ നഗ്നരാക്കി ചാട്ടവാര്‍ കൊണ്ടടിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബി.സി.സി.ഐയോടുള്ള ലോധ കമ്മിറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും കട്ജു ട്വീറ്റ് ചെയ്തു.
ബി.സി.സി.ഐയിലെ പരിഷ്‌കാരങ്ങളുമായ ബന്ധപ്പെട്ടിട്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് ബി.സി.സി.ഐക്കെതിരെ വിമര്‍ശനവുമായി കട്ജു രംഗത്തെത്തിയിരിക്കുന്നത്.
ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ബി.സി.സി.ഐ കട്ജുവില്‍ നിന്നും നേരത്തെ നിയമോപദേശം തേടിയിരുന്നു. ലോധ കമ്മിറ്റിക്ക് ബി.സി.സി.ഐയുടെ മേല്‍ അധികാരം പ്രയോഗിക്കാനുള്ള ശക്തിയില്ലെന്നും കട്ജു വ്യക്തമാക്കിയിരുന്നു.
ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ഇന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കമ്മിറ്റി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ന്യൂസീലന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പര റദ്ദാക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ ഭീഷണി മുഴക്കിയിരുന്നു.