| Sunday, 25th June 2023, 10:44 pm

ഫിറ്റ്‌നെസ് ഇല്ല, അച്ചടക്കം തീരെയില്ല; മികച്ച സ്‌കോര്‍ ഉണ്ടായിട്ടും സര്‍ഫറാസിനെ പുറത്താക്കാന്‍ ബി.സി.സി.ഐ പറയുന്ന കാരണമിത്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ബി.സി.സി.ഐക്കും സെലക്ഷന്‍ കമ്മിറ്റിക്കും കേള്‍ക്കേണ്ടി വന്നത്. ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതും സര്‍ഫറാസ് ഖാനെ വീണ്ടും തഴഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല എന്ന കാരണം പൂജാരയെ പുറത്താക്കിയതില്‍ പറയാന്‍ സാധിക്കുമെങ്കില്‍ പ്രകടനം മോശമായിരുന്നു എന്നത് ഒരിക്കലും സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ പറയാന്‍ സാധിക്കില്ല.

കഴിഞ്ഞ മൂന്ന് രഞ്ജി സീസണിലും ഏറ്റവുമധികം റണ്‍സടിച്ച താരമായിരുന്നിട്ടും ഒരിക്കല്‍ പോലും, സ്റ്റാന്‍ഡ് ബൈ താരമായിട്ട് പോലും സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും ആകാശ് ചോപ്രയും അടക്കമുള്ളവര്‍ സര്‍ഫറാസിനെ ഒഴിവാക്കിയതില്‍ വിമര്‍ശനുമുന്നയിച്ചിരുന്നു.

എന്നാല്‍ എന്തുകൊണ്ട് സര്‍ഫറാസിനെ പുറത്താക്കി എന്ന് പറയുകയാണ് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍. പി.ടി.ഐയോടാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഒഫീഷ്യല്‍ സര്‍ഫറാസിന്റെ ഒഴിവാക്കലിനെ കുറിച്ച് സംസാരിച്ചത്.

‘കളിക്കളത്തിലെ അഗ്രസ്സീവായ, ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ഫറാസ് കൂടെക്കൂടെ അവഗണിക്കപ്പെടുന്നതിനുള്ള കാരണം ക്രിക്കറ്റല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.

തുടര്‍ച്ചയായ സീസണുകളില്‍ 900ലധികം റണ്‍സ് നേടിയ ഒരു താരത്തെ വെറുതെയങ്ങ് പുറത്താക്കാന്‍ സെലക്ടര്‍മാര്‍ വെറും മണ്ടന്‍മാരാണോ? അദ്ദേഹത്തിന് അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡിലുള്ള ഫിറ്റ്‌നെസ് ഇല്ല എന്നത് തന്നെയാണ് പ്രധാന കാരണം.

അവന്‍ ഏറെ കഠിനാധ്വാനം ചെയ്യണം. ഭാരം കുറച്ച് മെലിഞ്ഞ് ഫിറ്റായി മടങ്ങി വരണം. കാരണം ബാറ്റിങ് ഫി്റ്റനെസ് മാത്രമല്ല തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം.

ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും അദ്ദേഹത്തിന് മികച്ച രീതിയിലുള്ള അച്ചടക്കമില്ല. ചിലത് പറഞ്ഞതും ചില ആംഗ്യങ്ങള്‍ കാണിച്ചതുമെല്ലാം നോട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. കുറച്ചുകൂടി അച്ചടക്കം നിറഞ്ഞ പെരുമാറ്റം അവനെ തുണച്ചേക്കും. സര്‍ഫറാസും അവന്റെ അച്ഛനും കോച്ചുമായ നൗഷാദ് ഖാനും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ ദല്‍ഹിക്കെതിരെ സെഞ്ച്വറി നേടിയതിന് ശേഷമുള്ള സര്‍ഫറാസിന്റെ സെലിബ്രേഷന്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലുണ്ടായിരുന്ന മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ചേതന്‍ ശര്‍മയ്ക്ക് അത്രത്തോളം സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒരു ബ്രേക്കിനിടെയുള്ള സര്‍ഫറാസിന്റെ പെരുമാറ്റം മധ്യപ്രദേശ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനെയും അത്രകണ്ട് തൃപ്തിപ്പെടുത്തിയിരുന്നില്ല.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാള്‍, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ. എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.

Content Highlight: BCCI official says why Sarfaraz Khan is omitted in test squad

We use cookies to give you the best possible experience. Learn more