പ്രതികാര നടപടിയോ? കോഹ്‌ലിയെ കൈയൊഴിഞ്ഞ് ബി.സി.സി.ഐ
Sports News
പ്രതികാര നടപടിയോ? കോഹ്‌ലിയെ കൈയൊഴിഞ്ഞ് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th August 2022, 3:38 pm

ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്പിയര്‍ ഹെഡായി മാറുകയും എന്നാല്‍ സമീപകാലത്ത് ഫോം ഔട്ടില്‍ വലയുന്നതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് വിരാട് കോഹ്‌ലി.

ഐ.സി.സിയുടെ റാങ്കിങ്ങില്‍ വര്‍ഷങ്ങളോളം ഒന്നാം സ്ഥാനത്ത് ചിരപ്രതിഷ്ഠ നേടിയ താരം സമീപകാലത്ത് കളിച്ച ഒരു മത്സരത്തില്‍ പോലും തന്റെ ഫോമിന്റെ നിഴല്‍വെട്ടത്ത് പോലും എത്താത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വിരാട് കോഹ്‌ലി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ലണ്ടനില്‍ ചെലവഴിച്ച താരം ഏഷ്യാ കപ്പ് ലക്ഷ്യമാക്കിയുള്ള പരിശീലനവും നടത്തുന്നുണ്ട്.

എന്നാല്‍ വിരാട് ടീമില്‍ ഉണ്ടാവുമോ എന്നത് തങ്ങളുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ബി.സി.സി.ഐ മേധാവിയായ അരുണ്‍ ധുമാല്‍. സെലക്ഷന്‍ കമ്മിറ്റിയാണ് ടീം സെലക്ട് ചെയ്യുന്നതെന്നും തീരുമാനം അവര്‍ക്ക് വിടുന്നെന്നും ധുമാല്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വിരാട് കോഹ്‌ലി ടീമില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റിയാണ്. സെലക്ടര്‍മാരുടെ തീരുമാനം അംഗീകരിക്കും. അവര്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോവുക,’ ധുമാല്‍ പറഞ്ഞു.

ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലി സ്വയം ഒഴിഞ്ഞതാണെന്നും അഭിമുഖത്തില്‍ ധുമാല്‍ പറഞ്ഞു.

‘ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. മുജേ അബ് നഹി കര്‍നി ഹൈ ക്യാപ്റ്റന്‍സി (എനിക്ക് ഇപ്പോള്‍ ക്യാപ്റ്റനാവേണ്ട) എന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു.

വേള്‍ഡ് കപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിയാമായിരുന്നു എന്ന് പലരും ചിന്തിച്ചുകാണണം, അത് അവരുടെ കാഴ്ചപ്പാടാണ്. പക്ഷേ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കണമായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. ഞങ്ങള്‍ ആ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ബോര്‍ഡ് അദ്ദേഹത്തെ ബഹുമാനിക്കുന്നു. വിരാട് ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്നത് കാണാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്,’ ധുമാല്‍ പറഞ്ഞു.

ആഗസ്റ്റ് എട്ടിനകം ടീമുകള്‍ ഏഷ്യാ കപ്പിനുള്ള അവരുടെ സ്‌ക്വാഡ് പ്രഖ്യാപിക്കണമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വമ്പന്‍ താരനിരയെ അണിനിരത്തി പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു.

ആഗസ്റ്റ് എട്ടിന് ബി.സി.സി.ഐയും സെലക്ഷന്‍ കമ്മിറ്റിയും മുംബൈയില്‍ യോഗം ചേരുമെന്നും, അന്നുതന്നെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Content Highlight: BCCI official Arun Dhumal about Virat Kohli’s position in Asia Cup 2022