ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കാര്യങ്ങളും മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നാണ് ജീവനക്കാരെയുള്‍പ്പടെ പുറത്താക്കാനുള്ള തീരുമാനം.
മുംബൈ: ബി.സി.സി.ഐ മുന്‍ ഭരണസമിതി നിയമിച്ച ജീവനക്കാരെ പുറത്താക്കാന്‍ ഇടക്കാല ഭരണസമിതിയുടെ തീരുമാനം. മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവര്‍ നിയമിച്ച മുഴുവന്‍ സ്റ്റാഫംഗങ്ങളെയും പിരിച്ചുവിടാനാണ് ഇടക്കാല സമിതി തലവന്‍ വിനോദ് റായിയുടെയും സംഘത്തിന്റെയും തീരുമാനം.
ബി.സി.സി.ഐയുടെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഓഫീസുകള്‍ അടച്ച് പൂട്ടാനും ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കാര്യങ്ങളും മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നാണ് ജീവനക്കാരെയുള്‍പ്പടെ പുറത്താക്കാനുള്ള തീരുമാനം.
ബി.സി.സി.ഐ മീഡിയ മാനേജര്‍ നിശാന്ത് അറോറയെയും പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താക്കൂറിന് ടീം രഹസ്യങ്ങള്‍ എത്തിച്ച് നല്‍കുന്നത് നിശാന്ത് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇത്. ബി.സി.സി.ഐയുടെ അന്വേഷണത്തില്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെടെ നിശാന്തിനെതിരെ മൊഴി നല്‍കിയെന്നാണ് വിവരങ്ങള്‍ ഇതേ തുടര്‍ന്നാണ് നടപടി.
ഭരണസമിതിയറിയാതെ ബി.സി.സി.ഐയുടെ കീഴില്‍ ഇനിയൊരു നിയമനവും നടത്തരുതെന്ന് വിനോദ് റായ് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.പി.എല്‍ നടത്തിപ്പിനായി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെങ്കിലും ഇവരുടെ കാലാവധി നാലുമാസത്തില്‍ കൂടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.