| Tuesday, 3rd January 2017, 12:35 pm

ബി.സി.സി.ഐ ഭരണസമിതി നിയമനം; ഫാലി എസ്. നരിമാന്‍ ചുമതലയില്‍ നിന്ന് പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള ചുമതലയില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി.

പകരം അനില്‍ ബി. ദവാനെ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. 2009ല്‍ ബി.സി.സി.ഐയുടെ കേസുകള്‍ വാദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നരിമാന്റെ പിന്മാറ്റം. ബി.സി.സി.ഐ, ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യണ്യമാണ് ഭരണസമിതി തെരെഞ്ഞെടുപ്പിന് ചുമതലപ്പെടുത്തിയിട്ടുള്ള മറ്റൊരാള്‍.

പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക ഫാലി എസ്. നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ ഈമാസം 19നു സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.

ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനേയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനങ്ങളില്‍ നിന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ജസ്റ്റിസ് ആര്‍.എം ലോധ സമിതി ശുപാര്‍ശകളില്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.


സത്യസന്ധരായ വ്യക്തികള്‍ ഉള്‍പ്പെട്ട പുതിയ ഭരണസമിതി ബി.സി.സി.ഐയുടെ നേതൃത്വം ഏറ്റെടുക്കുമെന്നു വ്യക്തമാക്കിയ കോടതി, ശുപാര്‍ശകള്‍ അംഗീകരിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും ഭാരവാഹികള്‍ പദവിയൊഴിയണമെന്നും ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more