| Saturday, 12th March 2022, 1:11 pm

പണം വാരുന്നതിന് ഒരു പരിധി വേണ്ടേ; ബി.സി.സി.ഐക്ക് വീണ്ടും ലഭിക്കാന്‍ പോവുന്നത് 800 കോടി; സ്‌പോണ്‍സര്‍ഷിപ്പിന് വാലില്‍ തൂങ്ങി വമ്പന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ വശ്യത കൊണ്ടും പണംവാരല്‍ കൊണ്ടും ലോകത്തെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലീഗില്‍ ഒന്നായ ഐ.പി.എല്ലില്‍ നിന്നും വീണ്ടും പണം വാരാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ.

സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള ഇനത്തില്‍ നിന്നും ഈ സീസണില്‍ നിന്നുമാത്രം 800 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതുമുതലുള്ള ഏറ്റവും വലിയ തുകയാണിത്.

ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് ബി.സി.സി.ഐയുടെ പിന്നാലെ കൂടിയിരിക്കുന്നത് ഒമ്പതിലധികം ബിസിനസ് ജയന്റ്‌സ് ആണ്, അതില്‍ രണ്ടെണ്ണം പുതിയതും.

നേരത്തെ, ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും വിവോയെ മാറ്റിയതും രണ്ട് വര്‍ഷത്തേക്ക് ടാറ്റയെ ടൈറ്റില്‍ സ്‌പോണ്‍സറാക്കുകയും ചെയ്തിരുന്നു. ഈയിനത്തില്‍ 35 കോടി രൂപയാണ് വര്‍ഷാവര്‍ഷം ടാറ്റ ബി.സി.സി.ഐയ്ക്ക് നല്‍കുന്നത്.

അടുത്തിടെയായിരുന്നു ബി.സി.സി.ഐ സ്വിഗ്ഗിയും റൂപേയുമായും കരാറിലെത്തിയത്. ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, റൂപേയുമായി 42 കോടി രൂപയ്ക്കും സ്വിഗ്ഗിയുമായി 44 കോടി രൂപയ്ക്കുമാണ് ബി.സി.സി.ഐ കരാറിലെത്തിയത്.\

ഇങ്ങനെ പണം ഒഴുകുന്നതില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഏറെ സന്തുഷ്ടനുമാണ്. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുമായി വലിയൊരു തുക തന്നെയാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 50,000 കോടിക്കുമേല്‍ മാറി മറയാനുള്ള മീഡിയ ലേലവും നടക്കാനിരിക്കുകയാണ്.

ഇതോടെ ലോകത്തെ തന്നെ ഏറ്റവും പണക്കൊഴുപ്പേറിയ ലീഗുകളുടെ പട്ടികയില്‍ ഐ.പി.എല്‍ തങ്ങളുടെ സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിക്കും.

മാര്‍ച്ച് 26നാണ് ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. മെയ് 29നാണ് കലാശപ്പോരാട്ടം.

Content Highlight: BCCI likely to generate  800 crore revenue from IPL title sponsorship and other deals
We use cookies to give you the best possible experience. Learn more