| Tuesday, 15th November 2022, 8:39 pm

അടുത്ത ലോകകപ്പില്‍ ധോണിയുടെ പങ്കാളിത്തം ഉണ്ടാകും; ടീം ഇന്ത്യയില്‍ ഇനി വലിയ കളികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. 2007ലെ ടി-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു.

എന്നാല്‍ ധോണി ഇന്ത്യയുടെ നായകസ്ഥാനം വിട്ടതിനുശേഷം, ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റുകളൊന്നും വിജയിച്ചിട്ടില്ല.

അടുത്തിടെ സമാപിച്ച ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളാണ് ഇന്ത്യക്കെതിരെ ഉയര്‍ന്നു വരുന്നത്.

ഇതോടെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയിലടക്കം അഴിച്ചുപണി നടത്തണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

2011ല്‍ ലോകകപ്പ് ജേതാവായ എം.എസ് ധോണിയുമായി ബി.സി.സി.ഐ ചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധോണിയെ ടീം ഇന്ത്യയുടെ ടി-20 സെറ്റപ്പില്‍ ഉള്‍പ്പെടുത്താനും ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഈയിടെ അവസാനിച്ച ലോകകപ്പിലെ മോശം പ്രകടനം ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ കളിക്കാരുമായി ഒരു യോഗവും തീരുമാനിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളും പരിശീലകനുമെല്ലാം യോഗത്തില്‍ പങ്കെടുക്കും.

50 ഓവര്‍ മത്സരമോ ഏറ്റവും ചെറിയ ഫോര്‍മാറ്റിലുള്ള കളിയോ ആയിക്കൊള്ളട്ടെ, ഏത് മത്സരത്തെ കുറിച്ചും ധോണിക്ക് വ്യക്തമായ ധാരണയുണ്ട്.

വരാനിരിക്കുന്ന ഐ.സി.സി ടൂര്‍ണമെന്റുകള്‍ക്ക്, പ്രത്യേകിച്ച് ടി-20 ലോകകപ്പ് 2024ന് മുമ്പ്് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബി.സി.സി.ഐ ഇപയോഗപ്പെടുത്തും.

കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പില്‍ ധോണി ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും പിന്നീട താരം തുടര്‍ന്നിരുന്നില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ പങ്കാളിത്തം ടീമിനൊപ്പം ദീര്‍ഘകാലത്തേക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ടീമില്‍ വിദേശ പരിശീലകരേയും ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ പദ്ധതിയിടുന്നുണ്ട്. അതേസമയം നവംബര്‍ 18 മുതല്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡ് പരമ്പര കളിക്കാന്‍ ഒരുങ്ങുകയാണ്.

Content Highlights: BCCI keen to use former India skipper MS Dhoni’s experience for T20Is ahead of 2024 World Cup

We use cookies to give you the best possible experience. Learn more