| Friday, 10th May 2024, 2:08 pm

രാഹുൽ ദ്രാവിഡ് പുറത്തേക്ക്; പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പുതിയ ആളുകളെ നിയമിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണില്‍ അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ബി.സി.സി.ഐ പ്രസിഡന്റ് ജയ്ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ വരെ മാത്രമേ നിലനില്‍ക്കുകയുള്ളൂ. അദ്ദേഹത്തിനും വേണമെങ്കില്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പുതിയ പരിശീലകനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ബാറ്റിങ്, ബൗളിംഗ് ഫീല്‍ഡിങ് എന്നീ മേഖലകളിലേക്ക് ആവശ്യമായ മറ്റ് പരിശീലകരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക,’ ജയ് ഷാ പറഞ്ഞു.

ബി.സി.സി.ഐയുടെ ഉറവിടങ്ങള്‍ പറയുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് വിദേശി ആയിരിക്കുമോ ഇന്ത്യയില്‍ നിന്നുള്ള ആളായിരിക്കുമോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും സി.എ.സിയാണ് ഇതിന്റെ അന്തിമ തീരുമാനങ്ങള്‍ എടുക്കുക എന്നുമാണ് പറയുന്നത്. ആദ്യത്തെ മൂന്നുവര്‍ഷത്തെ കാലാവധിയോടു കൂടിയായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് അടുത്ത പരിശീലകനെ നിയമിക്കുന്നതെന്നും ജയ് ഷാ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രിമീയര്‍ ലീഗിലെ പുതിയ ഇമ്പാക്ട് പ്ലെയര്‍ നിയമത്തെ കുറിച്ചും ജയ് ഷാ പറഞ്ഞു.

‘ഐ.പി.എല്ലിലെ ഇമ്പാക്ട് പ്ലെയര്‍ നിയമം വരുംകാലങ്ങളില്‍ തുടരണമോ എന്നത് ക്യാപ്റ്റന്‍ മാരോടും പരിശീലകന്മാരോടും കൂടി ആലോചിച്ചതിനു ശേഷം തീരുമാനിക്കും. ഇമ്പാക്ട് പ്ലെയര്‍ നിയമപ്രകാരം ഐ.പി.എല്ലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് അവസരം ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിയമത്തിനെതിരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല,’ ജയ് ഷാ കൂട്ടിച്ചേർത്തു.

Content Highlight: BCCI is ready to appoint a new coach after Rahul Dravid

We use cookies to give you the best possible experience. Learn more