| Wednesday, 23rd November 2022, 3:48 pm

അവനെ ടീമിലെടുക്കെടാ ആദ്യം, എന്നിട്ടുണ്ടാക്ക് പിറന്നാളും ആഘോഷങ്ങളും; ഉമ്രാന് ആശംസകള്‍ നേര്‍ന്ന ബി.സി.സി.ഐക്ക് പൊങ്കാല

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ പാരമ്പര്യമുള്ള ഇന്ത്യയുടെ പേസ് നിരയിലേക്ക് ഉമ്രാന്‍ മാലിക്കിന്റെ കടന്നുവരവ് വളരെ പെട്ടന്നായിരുന്നു. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങി ഐ.പി.എല്‍ കണ്ടെത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു ഉമ്രാന്‍ മാലിക്കും.

തന്റെ വന്യമായ വേഗതയില്‍ എതിരാളികളെ കിടിലം കൊള്ളിച്ച കശ്മീരി എക്‌സ്പ്രസ്സ് ആരാധകരുടെ പ്രിയപ്പെട്ടവനാകാന്‍ അധികം താമസമുണ്ടായില്ല.

കൃത്യമായി വളര്‍ത്തിയെടുത്താല്‍ സഹീര്‍ ഖാനെ പോലെയോ ഇര്‍ഫാന്‍ പത്താനെ പോലെയോ ശ്രീശാന്തിനെ പോലെയോ ഒക്കെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ഏറെ ഭാവിയുള്ള താരമാണ് ഉമ്രാന്‍. എന്നാല്‍ ആരാധകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്‌നേഹവുമൊന്നും ബി.സി.സി.ഐക്ക് താരത്തിന് മേല്‍ ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെങ്കിലും വേണ്ടത്ര മത്സരങ്ങള്‍ കളിക്കാന്‍ ഉമ്രാന്‍ മാലിക്കിന് അവസരം ലഭിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഉമ്രാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യക്ക് ലഭിച്ച വിമര്‍ശനങ്ങള്‍ ചില്ലറയല്ല.

പേസിനെ തുണക്കുന്ന ഓസീസ് പിച്ചുകളില്‍ ഉമ്രാനെ പോലെ ഒരു സ്പീഡ്സ്റ്ററിനെ ഇന്ത്യ എന്തുകൊണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പലരും ചോദിച്ചിരുന്നു. ബ്രെറ്റ് ലീ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ ടീമിനെതിരെയും സെലക്ടര്‍മാര്‍ക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉമ്രാന്‍ ഇടം പിടിച്ചിട്ടുണ്ട്. ടി-20യില്‍ പുറത്തിരുത്തിയ ഉമ്രാനെ ഏകദിനത്തില്‍ പന്തെറിയാനനുവദിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, ഉമ്രാന്‍ മാലിക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം തന്റെ 23ാം പിറന്നാള്‍ ആഘോഷിച്ച ഉമ്രാന്‍ മാലിക്കിന് ആശംസയുമായി ബി.സി.സി.ഐ എത്തിയിരുന്നു.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ താരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബി.സി.സി.ഐ ഉമ്രാന് ആശംസകള്‍ നേര്‍ന്നത്.

എന്നാല്‍ ഇതില്‍ ആരാധകര്‍ അത്രകണ്ട് ഹാപ്പിയായിരുന്നില്ല. ഉമ്രാന് അവസരം നല്‍കാതെ പിറന്നാളിന് മാത്രം ആശംസകള്‍ നേര്‍ന്നതുകൊണ്ട് എന്താണ് കാര്യമെന്നും ഉമ്രാനെ പോലയുള്ള ടാലന്റുകളെ ഇന്ത്യ ഉപയോഗിക്കാതെ പാഴാക്കി കളയുകയാണെന്നും ആരാധകര്‍ പറയുന്നു.

മഴ കളിച്ച ടി-20 പരമ്പരയില്‍ ഇന്ത്യ പരമ്പര വിജയം കഷ്ടിച്ച് പിടിച്ചടക്കുകയായിരുന്നു. ആദ്യ മത്സരവും മൂന്നാം മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ വിജയമാണ് ടീമിന് പരമ്പര നേടിക്കൊടുത്തത്.

മൂന്ന് ഏകദിനങ്ങളടങ്ങിയ ഒ.ഡി.ഐ പരമ്പരയും ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുണ്ട്. നവംബര്‍ 25നാണ് പരമ്പര ആരംഭിക്കുന്നത്. ഏകദിന സ്‌ക്വാഡിലും ഉള്‍പ്പെട്ട ഉമ്രാന് ഈ പരമ്പരയിലെങ്കിലും പന്തെറിയാന്‍ അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: BCCI is facing massive backlash for birthday tweet about Umran Malik

We use cookies to give you the best possible experience. Learn more