| Wednesday, 19th October 2022, 1:05 pm

ഇതിപ്പോള്‍ ടീമില്‍ അഴിച്ചു പണി മാത്രമാണല്ലോ, ഈ ഉത്സാഹമൊക്കെ കളിയിലും കണ്ടാല്‍ മതിയായിരുന്നു; പുതിയ പദ്ധതികളുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെയാണ് മുംബൈയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭരണ സമിതിയെ ബി.സി.സി.ഐ രൂപീകരിച്ചത്. സൗരവ് ഗാംഗുലിയുടെ അധ്യക്ഷ പദവിയുടെ കാലാവധി അവസാനിച്ചതോടെ റോജര്‍ ബെന്നി ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു.

അതേസമയം ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും.

യോഗത്തില്‍ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തിയതിനെ കുറിച്ചും ബി.സി.സി.ഐ പദ്ധതിയിട്ടിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമില്‍ അഴിച്ചു പണി നടത്താനാണ് ബി.സി.സി.ഐയുടെ തീരുമാനം. നിലവിലുള്ള കമ്മറ്റിയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നാണ് ബി.സി.സി.ഐ വിലയിരുത്തിയത്.

ദക്ഷിണ മേഖലാ സെലക്ടറായ സുനില്‍ ജോഷി ഒഴികെയുള്ള മറ്റെല്ലാവരേയും മാറ്റാനാണ് തീരുമാനം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തെരഞ്ഞടുത്ത ശേഷമായിരിക്കും സെലക്ഷന്‍ കമ്മിറ്റി നിയമനങ്ങള്‍ നടത്തുക.

”ടി-20 ലോകകപ്പില്‍ ഇന്ത്യ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം. ചേതന്‍ ശര്‍മയുടെ കാര്യത്തില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. എന്നാല്‍ ബി.സി.സി.ഐയുടെ പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും,” ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഇന്നലെ നടന്ന ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തിന് ശേഷം നിരാശയോടെയാണ് മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി മടങ്ങിയത്. രണ്ടാമതൊരവസരം അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ജയ് ഷായും സംഘവും നിഷേധിക്കുകയായിരുന്നു.

അതൃപ്തികരമായ സേവനമാണ് ഗാംഗുലി ബി.സി.സി.ഐയുടെ തലപ്പത്തിരുന്ന് ചെയ്തതെന്നാണ് ജയ് ഷായുടെ ആരോപണം. തുടര്‍ന്ന് ഐ.പി.എല്ലിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കാനുള്ള ഓഫര്‍ വെച്ചു നീട്ടിയെങ്കിലും തന്നെ അവഗണിക്കുന്നതിന് തുല്യമാണതെന്ന് പറഞ്ഞ് ഗാംഗുലി അവസരം നിരസിക്കുകയായിരുന്നു.

1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായ റോജര്‍ ബിന്നി ബി.സി.സി.ഐയുടെ 36ാമത് പ്രസിഡന്റാണ്. ആശിഷ് ഷെലാര്‍ ട്രഷററാവുമ്പോള്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്റും ദേവ്ജിത്ത് സൈക്കിയ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ട്രഷറര്‍ അരുണ്‍ ധുമാന്‍ ഐ.പി.എല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: BCCI is about to bring changes in Indian Cricket selection Committee

We use cookies to give you the best possible experience. Learn more