ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദനയാവുകയാണ്. ഒരു ഭാഗത്ത് ടീമിന്റെ മോശം പ്രകടനം, മറു ഭാഗത്ത് സ്വന്തം ദയനീയ പ്രകടനം. പെരുമാറ്റത്തിന്റെ പേരില്‍ കേള്‍ക്കുന്ന പഴി വേറെ. ഇപ്പോഴിതാ പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് കോഹ്‌ലിയുടെ പ്രകടനം.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ പുറത്തായതിനെ ചൊല്ലിയാണ് വിവാദം. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയായിരുന്നു വിരാട് പുറത്താകുന്നത്. ഏറെ സംശയങ്ങള്‍ സൃഷ്ടിച്ചതായിരുന്നു വിരാടിന്റെ പുറത്താകല്‍.
പന്ത് വിരാടിന്റെ കാലിലാണോ അതോ പാഡിലാണോ കൊണ്ടതെന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. അമ്പയറുടെ പുറത്താക്കല്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.സി.സി.ഐ വരെ രംഗത്തെത്തിയിരിക്കുകയാണ്.
കോഹ്‌ലി ഔട്ടാണോ അല്ലയോ എന്ന് ആരാധകര്‍ തന്നെ പറയട്ടെ എന്ന് ബി.സി.സി.ഐ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ബി.സി.സി.ഐയുടെ നിലപാട്.
സോഷ്യല്‍ മീഡിയയിലും കോഹ്‌ലിയുടെ പുറത്താകല്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സി.ആര്‍.എസിന്റെ വിശ്വാസ്യത തന്നെ തകരുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഡി.എസ്.ആറിനെതിരായ ഇന്ത്യയുടെ നിലപാടിനെ ശക്തമാക്കുന്നതാണ് ഇത്.
ഒന്നാം ഇന്നിംഗ്‌സിലും വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ വിരാട് ഓസീസ് പരമ്പരയില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ നായകന്റെ സ്ലെഡ്ജിംഗിനെതിരെ മുന്‍ ഓസീസ് താരങ്ങളായ മാര്‍ക്ക് വോയും ഹെയ്‌ലിയുമടക്കം രംഗത്തു വന്നിരുന്നു.