| Wednesday, 17th August 2022, 3:49 pm

സ്ഥലം സിംബാബ്‌വേ ആണ്, വിസ്തരിച്ചുള്ള കുളിയൊന്നും വേണ്ട മനസിലായോ'; ഇന്ത്യന്‍ താരങ്ങളുടെ കുളിയിലും നിര്‍ദേശം കടുപ്പിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന പര്യടനത്തിലാണ് ഇന്ത്യ. സിംബാബ്‌വേയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ പര്യടനത്തിലുള്ളത്.

ഓഗസ്റ്റ് 18ന് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമിന് ഒരു പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബി.സി.സി.ഐ. ഹോട്ടലില്‍ കുളിക്കുമ്പോള്‍ വെള്ളം കുറച്ചുപയോഗിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശിച്ചിരിക്കുന്നത്.

സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാരെയില്‍ ജലക്ഷാമം രൂക്ഷമാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും കഴിഞ്ഞ പല ദിവസങ്ങളിലും കുടിവെള്ളം പോലും ലഭ്യമായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘ഹരാരെയിലെ ജലലഭ്യത അല്‍പം മോശപ്പെട്ട സ്ഥിതിയിലാണ്. അത് നമ്മുടെ കളിക്കാര്‍ക്ക് അറിയുകയും ചെയ്യാം. അതുകൊണ്ട് എന്തുവിലകൊടുത്തും വെള്ളം പാഴാക്കരുതെന്നും പെട്ടെന്നുതന്നെ കുളിക്കണമെന്നും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാരണമൊന്നുകൊണ്ടുതന്നെ ടീമിന്റെ പൂള്‍ സെഷനുകളും വെട്ടിക്കുറച്ചിരിക്കുകയാണ്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോട് പറഞ്ഞു.

‘ഞങ്ങള്‍ കഴിവതും വെള്ളം കുറച്ചാണ് ഉപയോഗിക്കുന്നത്. ഹരാരെയിലെ പിച്ചും വളരെ വരണ്ടതാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. അത് മാനേജ് ചെയ്യാന്‍ ഞങ്ങള്‍ക്കാകും,’ താരങ്ങളിലൊരാള്‍ പറഞ്ഞു.

ബംഗ്ലാദേശിനെ തോല്‍പിച്ച ആവേശത്തിലാണ് സിംബാബ്‌വേ കളത്തിലിറങ്ങുന്നത്. ഏകദിന പരമ്പരയിലും ടി-20 പരമ്പരയിലും ബംഗ്ലാ കടുവകളെ നിലംതൊടീക്കാതെയാണ് ഷെവ്‌റോണ്‍സ് തച്ചുതകര്‍ത്തത്.

ക്യാപ്റ്റന്‍ റെഗിസ് ചക്കാബ്‌വയുടെയും സൂപ്പര്‍ താരം സിക്കന്ദര്‍ റാസയുമടങ്ങുന്ന ബാറ്റിങ് നിരയാണ് ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. സെഞ്ച്വറികള്‍ കൊണ്ടുള്ള ആറാട്ടായിരുന്നു ഇരുവരും പരമ്പരയില്‍ പുറത്തെടുത്തത്.

കെ.എല്‍. രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകാന്‍ സാധിക്കില്ല. ഓഗസ്റ്റ് 18നാണ് പരമ്പരയിലെ ആദ്യ മത്സരം. ഓഗസ്റ്റ് 20ന് രണ്ടാം ഏകദിനവും ഓഗസ്റ്റ് 22ന് മൂന്നാം മത്സരവും നടക്കും.

ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

സിംബാബ്വേ സ്‌ക്വാഡ്:

റയാന്‍ ബേള്‍, റെഗിസ് ചക്കാബ്‌വ, തനക ചിവാങ്ക, ബ്രാഡ്ലി ഇവാന്‍സ്, ലൂക് ജോങ്വേ, ഇന്നസെന്റ് കയിയ, തകുന്‍സാഷെ കെയ്റ്റാനോ, ക്ലൈവ് മദാന്തെ, വെസ്ലി മദേവേരെ, ചാഡിവാന്‍ഷെ മരുമാനി, ജോണ്‍ മസാര, ടോണി മുന്യോങ്ക, റിച്ചാഡ് എന്‍ഗരാവ, വിക്ടര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് തിരിപാനോ

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

Content Highlight: BCCI instructs Indian team to save water and take a quick bath in Harare

We use cookies to give you the best possible experience. Learn more