[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പുതിയ തെളിവുകള്‍.
വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്.
തനിക്ക് വാതുവെയ്പ്പുകാരുമായി ബന്ധമുണ്ടെന്ന് ഐ.സി.സി ബി.സി.സി.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായുള്ള മെയ്യപ്പന്റെ സംഭാഷണമാണ് പുറത്തുവന്നത്.[]
വിന്ദു ധാരാസിംഗിനോടാണ് മെയ്യപ്പന്‍ ഇക്കാര്യം പറയുന്നത്. ഇതിനെക്കുറിച്ച് തന്നെ അറിയിച്ചത് ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും സംഭാഷണത്തില്‍ മെയ്യപ്പന്‍ പറയുന്നുണ്ട്. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് വിന്ദു ധാരാ സിംഗിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാതുവെപ്പിനായി ഏതെല്ലാം കളിക്കാരെ സമീപിക്കണം, എത്ര തുകയ്ക്ക് വാതുവെപ്പ് നടത്തണം,ഓവറുകളില്‍ എത്ര റണ്‍സ് വിട്ടുകൊടുക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മെയ്യപ്പന്‍ വിന്ദു ധാരാ സിംഗിന് നിര്‍ദേശം നല്‍കിയതും സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
ഐ.പി.എല്‍ ആറാം സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നതായി ഫോണ്‍ സന്ദേശം സൂചിപ്പിക്കുന്നു.
ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
കേസില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നതോടെ ബി.സി.സി.ഐയും ശ്രീനിവാസനും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
എന്നാല്‍ വാതുവെപ്പിനെക്കുറിച്ച് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ പറഞ്ഞു. വാതുവെപ്പ് വിവാദത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും,ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം രാജിവെക്കില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
വാതുവെപ്പ് കേസില്‍ പുതിയ തെളികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബി.സി.സി.ഐ ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് രംഗത്തെത്തി. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ബി.സി.സി.ഐയിലെ അംഗങ്ങള്‍ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.സി.സി നല്‍കിയ മുന്നറിയിപ്പ് ബി.സി.സി.ഐ അവഗണിച്ചിട്ടുണ്ടെങ്കില്‍ അത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുമെന്നും, അത് രാജ്യ ദ്രോഹമാണെന്നും ആസാദ് വ്യക്തമാക്കി.