| Friday, 5th November 2021, 11:28 am

പിറന്നാളായിട്ട് ജയിക്കാന്‍ പറ്റുമോ? കോഹ്‌ലിയോട് ഐ.സി.സി; താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഐ.സി.സി, ബി.സി.സി.ഐ, ആര്‍.സി.ബി എന്നിവരും സഹതാരങ്ങളും. എ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ സ്‌കോട്‌ലാന്റിനോടേറ്റുമുട്ടുന്ന ദിവസം തന്നെയാണ് താരത്തിന്റെ പിറന്നാള്‍. സ്‌കോട്ട്‌ലാന്റിനോട് മികച്ച മാര്‍ജിനില്‍ ജയിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്താനാണ് കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നത്.

‘എപ്പോഴും ചിരിക്കൂ… പിറന്നാളാശസകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന് ഇന്നൊരു വിജയം ലഭിക്കുമോ?’ എന്നാണ് ഐ.സി.സി താരത്തിന് ആശംസകള്‍ നേരുന്നത്.

കോഹ്‌ലിയുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ചാണ് വിരേന്ദര്‍ സേവാഗ് താരത്തിന് ആശംസകള്‍ നേരുന്നത്. ‘ദുഷ്‌കരമായ സമയങ്ങള്‍ നീണ്ടുനില്‍ക്കില്ല, പക്ഷേ ദൃഢനിശ്ചയമുള്ള ആളുകള്‍ എക്കാലവും നിലനില്‍ക്കും. നിങ്ങള്‍ കാലഘട്ടത്തിന്റെ കളിക്കാരനാണ്. പിറന്നാളാശംസകള്‍ കോഹ്‌ലി, വിജയങ്ങളുണ്ടാകട്ടെ,” എന്നാണ് സേവാഗ് ട്വീറ്റ് ചെയ്യുന്നത്.

‘ആര്‍.സി.ബിയുടെയും ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെയും എല്ലാമായതിന് നന്ദി,’ എന്നാണ് ആര്‍.സി.ബി ട്വീറ്റ് ചെയ്യുന്നത്.

‘23,159 അന്താരാഷ്ട്ര റണ്‍സുകള്‍, ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് ജയം സമ്മാനിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി ജേതാവ്. ഇന്ത്യന്‍ ക്യാപ്റ്റനും പുതിയ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററുമായ കോഹ്‌ലിയ്ക്ക് പിറന്നാളാശംസകള്‍,’ എന്നാണ് ബി.സി.സി.ഐ താരത്തിന് ആശംസകള്‍ നേര്‍ന്നത്.

ഇതുകൂടാതെ അജിന്‍ക്യ രഹാനെ, യൂസഫ് പത്താന്‍, മുഹമ്മദ് സിറാജ്, വസീം ജാഫര്‍ തുടങ്ങിയവരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്.

പിറന്നാള്‍ സമ്മാനമായി മികച്ച വിജയം ക്യാപ്റ്റന്‍ സമ്മാനിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. 2008ല്‍ അരങ്ങേറിയതിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി 254 ഏകദിനങ്ങളും, 96 ടെസ്റ്റ് മത്സരങ്ങളും 92 ടി-20 മത്സരങ്ങളും കളിക്കുകയും, നിരവധി റെക്കോഡുകള്‍ തന്റെ പേരിലാക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI, ICC, RCB and others wishes Kohli on his birthday

We use cookies to give you the best possible experience. Learn more