|

അങ്ങനെ ഗിന്നസ് റെക്കോഡും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പേരില്‍... ഇനി വേണ്ടത് ഐ.സി.സി കിരീടം കൂടിയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ടി-20 മത്സരത്തിലെ ഏറ്റവും വലിയ ലൈവ് അറ്റന്‍ഡന്‍സ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്. 2022 ഐ.പി.എല്ലിന്റെ ഫൈനലിലാണ് ഇന്ത്യ റെക്കോഡ് നേട്ടം സൃഷ്ടിച്ചത്.

ഗുജറാത്തിലെ ജി.എ.സി മൊട്ടേരയില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലാണ് ഇന്ത്യ ടി-20 ക്രിക്കറ്റിലെ ലാര്‍ജസ്റ്റ് അറ്റന്‍ഡന്‍സ് എന്ന റെക്കോഡ് സൃഷ്ടിച്ചത്. 101,566 പേരാണ് സ്റ്റേഡിയത്തിലെത്തി മത്സരം കണ്ടത്.

ഗിന്നസ് ഒഫീഷ്യല്‍സില്‍ നിന്നും ബി.സി.സി.ഐ ഭാരവാഹിയായ ജയ് ഷാ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഈ നേട്ടം കാണികള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും ഐ.പി.എല്ലിനും ജി.എ.സി മൊട്ടേര സ്റ്റേഡിയത്തിനും അഭിനന്ദനങ്ങള്‍ എന്നുമാണ് ഗിന്നസ് നേട്ടത്തിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് ബി.സി.സി.ഐ ട്വീറ്റ് ചെയ്തത്.

ഗിന്നസ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഇനി വേണ്ടത് ഐ.സി.സി കിരീടങ്ങളാണെന്നും ആരാധകര്‍ പറയുന്നു. ഗിന്നസ് നേട്ടം കൊണ്ട് മാത്രം കാര്യമായില്ല, ബി.സി.സി.ഐയിലെ ഡേര്‍ട്ടി പൊളിറ്റിക്‌സ് അവസാനിപ്പിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂ എന്നും ആരാധകര്‍ പറയുന്നു.

2022 ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ഏറ്റുമുട്ടിയത്. ഹോം ക്രൗഡിന്റെ സകല അഡ്വാന്റേജും മുതലാക്കിയ ടൈറ്റന്‍സ് വിജയം പിടിച്ചടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല.

ബൗളിങ്ങില്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ കസറിയപ്പോള്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 130 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് പാണ്ഡ്യ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന്റെയും ഹര്‍ദിക്കിന്റെയും മില്ലറിന്റെയും ഇന്നിങ്‌സില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ ആദ്യ സീസണില്‍ തന്നെയാണ് ഐ.പി.എല്‍ കിരീടം ചൂടുന്നതെന്ന പ്രത്യേകതയും ടൈറ്റന്‍സിന്റെ ഈ നേട്ടത്തിനുണ്ടായിരുന്നു.

Content Highlight: BCCI holds the Guinness record for the highest attendance in a T20 match

Latest Stories