മുംബൈ: ഐ.പി.എല്‍ 2022ന്റെ ആദ്യ ഘട്ടത്തില്‍ 25% കാണികളെ അനുവദിക്കാന്‍ ബി.സി.സി.ഐയും മഹാരാഷ്ട്ര സര്‍ക്കാരും തീരുമാനിച്ചു. മാര്‍ച്ച് 26 മുതല്‍ 15 വരെയാണ് ഒന്നാം ഘട്ടമായി കണക്കാക്കുന്നത്.
രണ്ടാം ഘട്ടത്തിലും തുടര്‍ന്നും കൊവിഡ് സാഹചര്യത്തെ ആശ്രയിച്ച് കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ഐ.പി.എല്ലിന്റെ വരാനിരിക്കുന്ന എഡിഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പരമ്പര മാര്‍ച്ച് 26ന് ആരംഭിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചിരുന്നു. മുംബൈയിലും പൂണെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം മെയ് 29ന് നടത്തുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു
നേരത്തെ മാര്‍ച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് പുതിയ ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഇത്തവണ 70 ലീഗ് മത്സരങ്ങളാണ് ഐ.പി.എല്ലില്‍ ഉണ്ടാവുക. ലീഗ് ഘട്ടത്തിന്റെ മത്സര ഫോര്‍മാറ്റും ബി.സി.സി.ഐ വിശദീകരിച്ചിരുന്നു.
അതേസമയം, വരുന്ന സീസണിലെ സംപ്രേഷണാവകാശം ഒന്നിലധികം പേര്‍ക്ക് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാതൃകയില്‍ ഐ.പി.എല്‍ സംപ്രേഷണാവകാശം നല്‍കാനാണ് ബി.സി.സി.ഐയുടെ ശ്രമമെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്‌കൈ സ്‌പോര്‍ട്‌സ്, ബി.ടി സ്‌പോര്‍ട്ട്, ആമസോണ്‍ പ്രൈം വിഡിയോ, ബി.ബി.സി സ്‌പോര്‍ട്ട് എന്നിവരാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഓരോ ചാനലുകളും നിശ്ചിത എണ്ണം മത്സരങ്ങള്‍ സംപ്രേഷണം നടത്തുകയാണ് പതിവ്. എന്നാല്‍, ഐ.പി.എല്ലില്‍ വിവിധ ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
CONTENT HIGHLIGHTS: BCCI have decided to allow 25% spectators in the first phase of IPL 2022