പരിക്കെല്ലാം സുഖമായി, ക്യാപ്റ്റനായി അവന്‍ മടങ്ങിയെത്തുന്നു; സിംബാബ് വേ ടൂറിലെ നായകന്‍ ധാവാനല്ലെന്ന് ബി.സി.സി.ഐ
Cricket
പരിക്കെല്ലാം സുഖമായി, ക്യാപ്റ്റനായി അവന്‍ മടങ്ങിയെത്തുന്നു; സിംബാബ് വേ ടൂറിലെ നായകന്‍ ധാവാനല്ലെന്ന് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th August 2022, 11:59 pm

ബി.സി.സി.ഐ സിംബാബ് വേ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ.എല്‍. രാഹുലിന്റെ അസാനിധ്യമാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്. ഐ.പി.എല്ലിന് ശേഷം ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിനായിട്ടില്ല.

ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ക്കൊപ്പം ഇന്ത്യ ഇതിനോടകം തന്നെ കളിച്ചുകഴിഞ്ഞു. ഈ സ്‌ക്വാഡിലെല്ലാം തന്നെ ഉള്‍പ്പെടാനും രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാനും ഏറ്റവും സാധ്യയുള്ള താരമാണ് രാഹുല്‍ എന്നിരിക്കെയാണ് താരത്തിന്റെ പരിക്ക് വില്ലനായത്.ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന്റെ പരിക്ക് മാറിയെങ്കിലും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആ അവസരവും നഷ്ടമാവുകയായിരുന്നു.

എന്നാലിപ്പോള്‍, സിംബാബ് വേക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍. രാഹുല്‍ ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബി.സി.സി.ഐ. കായികക്ഷമത വീണ്ടെുത്തതോടെയാണ് കെ.എല്‍. രാഹുലിനെ സിംബാബ് വേക്കെതിരെയുള്ള പരമ്പരയില്‍ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയില്‍ രാഹുലുണ്ടായിരുന്നില്ല. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുക്ക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ധവാന്‍ ടീമിന്റെ ഉപനായകനാകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

ഓഗസ്റ്റ് 18, 20, 22 ദിവസങ്ങളിലാണ് മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബാണ് വേദി. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകള്‍ നഷ്ട്ടപ്പെട്ടു.

ബി.സി.സി.ഐ പുറത്തുവിട്ട പുതിയ ലിസ്റ്റ്

കെ.എല്‍. രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.