താരങ്ങള്‍ കായികക്ഷമത തെളിയിച്ചാല്‍ മാത്രമേ ടീമില്‍ അവസരം നല്‍കാന്‍ പാടുള്ളൂ എന്ന വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ ഒടുവില്‍ ബി.സി.സി.ഐക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. താരങ്ങള്‍ ഫിറ്റ്‌നസ് തെളിയിക്കാനുള്ള യോ യോ ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രം ടീമില്‍ അവസരം നല്‍കിയാല്‍ മതി എന്നാണ് ബി.സി.സി.ഐ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന യോഗത്തിലാണ് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ടത്.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ മുംബൈയില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.
എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവര്‍ മാത്രം ടീമില്‍ മതി എന്ന നിലപാട് വിരാട് കോഹ്‌ലി മുമ്പ് തന്നെ സ്വീകരിച്ചതാണ്. വിരാട് കോഹ്‌ലി – രവി ശാസ്ത്രി യുഗത്തില്‍ താരങ്ങള്‍ ഫിറ്റ്‌നസ് തെളിയിച്ച ശേഷം മാത്രം ടീമില്‍ കയറിയാല്‍ മതിയെന്ന കോഹ്‌ലിയുടെ തീരുമാനം തന്നെയാണ് ബി.സി.സി.ഐ ഇപ്പോള്‍ നടപ്പിലാക്കുന്നത്.
യോ യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ടീമിലെടുക്കാത്ത കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും കാര്‍ക്കശ്യത്തിന് വഴങ്ങിയെങ്കിലും താരങ്ങള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രവി ശാസ്ത്രിയെ പുറത്താക്കുകയും വിരാടിനെ നായകസ്ഥാനത്ത് നിന്നും പടിയിറക്കി വിടുകയും ചെയ്തതോടെ യോ യോ ടെസ്റ്റും അവര്‍ക്കൊപ്പം പടിയിറങ്ങി.
എന്നാല്‍ ഇതുമാത്രമല്ല, വിരാടിന്റെ പല വാക്കുകളെയും ബി.സി.സി.ഐക്ക് ഇപ്പോള്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഓരോ ഫോര്‍മാറ്റിനും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വേണമെന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയും, ലോകകപ്പിന് മുമ്പ് താരങ്ങളുടെ വര്‍ക്ക് ലോഡ് കുറക്കണമെന്നതും ബി.സി.സി.ഐ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്.
കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് യോ-യോ ടെസ്റ്റ് കര്‍ശനമായി നടപ്പിലാക്കിയിരുന്നത്. ആ സമയത്ത് ടെസ്റ്റില്‍ വിജയിക്കാനുള്ള സ്‌കോര്‍ 16.1ല്‍ നിന്നും 16.5 ആക്കി വര്‍ധിപ്പിച്ചിരുന്നു.
യോ യോ ടെസ്റ്റ് തിരികെ കൊണ്ടുവരണമെന്നുള്ള ബി.സി.സി.ഐ നിലപാടിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ വിരാട് കോഹ്‌ലി പറഞ്ഞത് തന്നെയല്ലേ ഇപ്പോള്‍ നിങ്ങള്‍ തിരികെ കൊണ്ടുവന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.
താരങ്ങളുടെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബി.സി.സി.ഐ ഇനി തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തേതിന് സമാനമായി താരങ്ങളുടെ ഫിറ്റ്‌നസ് കര്‍ശനമാക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്
യോ-യോ ടെസ്റ്റിന് പുറമെ ഡെക്സാ (എല്ലുകള്‍ സ്‌കാന്‍ ചെയ്യുന്ന ടെസ്റ്റ്) ടെസ്റ്റിലൂടെയുമാണ് ഇനി ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുക. ടെസ്റ്റുകളില്‍ പരാജയപ്പെട്ടാല്‍ അവരെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയും വീണ്ടും ടെസ്റ്റ് വിജയിക്കാന്‍ അവസരം ഒരുക്കുകയുമാണ് നിലവില്‍ ബി.സി.സി.ഐയുടെ രീതി.
2023 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
20 മീറ്റര്‍ വീതമുള്ള പോയിന്റിലേക്ക് ഓടിയാണ് യോ-യോ ടെസ്റ്റ് എടുക്കേണ്ടത്. ഓരോ പോയിന്റ് കഴിയുമ്പോഴും താരങ്ങള്‍ അവരുടെ ഓട്ടത്തിന്റെ വേഗത വര്‍ധിപ്പിക്കണം.
ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഐ.പി. എല്ലില്‍ ബി.സി.സി.ഐ ഇടപെടും.
Content highlight: BCCI has reintroduced the Yo-Yo Test