| Saturday, 14th November 2015, 6:35 pm

പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതായി പിസി.ബി ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ കളിക്കാന്‍ പാക് ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐയില്‍ നിന്നും ഔദ്യോഗികമായി ക്ഷണം ലഭിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. ഇക്കാര്യമറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വെള്ളിയാഴ്ച തന്നെ വിളിച്ചിരുന്നതായും ഷഹരിയാര്‍ ഖാന്‍ പാക് മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബറില്‍ പാകിസ്ഥാനുമായി പരമ്പര കളിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചുവെന്നും മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് പകരം ഇന്ത്യയില്‍ നടത്തണമെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞുവെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. പാക് കളിക്കാര്‍ക്ക് ഇന്ത്യയില്‍ സുരക്ഷ ഒരുക്കും. മൊഹാലി, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വേദികളിലായിരിക്കും മത്സരം നടത്തുകയെന്നും ശശാങ്ക് മനോഹര്‍ അറിയിച്ചതായി ഷഹരിയാര്‍ ഖാന്‍ വ്യക്തമാക്കി.

അതേ സമയം ബി.സി.സി.ഐയുമായി ഒപ്പിട്ട എം.ഒ.യു പ്രകാരം യു.എ.ഇയില്‍ വെച്ച് ഇന്ത്യയുമായി കളിക്കാന്‍ തയ്യാറാണെന്ന് ശശാങ്ക് മനോഹറിനെ അറിയിച്ചതായി ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

തങ്ങളുടെ ഹോം മാച്ചുകള്‍ ഇന്ത്യയില്‍ വെച്ച്് കളിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ തങ്ങളുടെ കളിക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണം. ഹോം മാച്ചുകള്‍ സംഘടിപ്പിക്കുന്നതിലൂടെ 50 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പരമ്പരകളും ഇന്ത്യയിലാണ് കളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പാക് സര്‍ക്കാരിന്റെ അഭിപ്രായം തേടുമെന്ന് ഷഹരിയാര്‍ പറഞ്ഞു. അതേ സമയം എം.ഒ.യു പ്രകാരം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കേണ്ട പരമ്പരയായതിനാല്‍ ഇന്ത്യയുടെ വാഗ്ദാനം സ്വീകരിക്കേണ്ടെന്ന് പി.സി.ബി അംഗം നജാം സേഥി അറിയിച്ചു.

We use cookies to give you the best possible experience. Learn more