| Saturday, 24th June 2023, 2:27 pm

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജു ക്യാപ്റ്റന്‍; ചൈനയിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളെ അയക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ. നേരെത്തെ ഏഷ്യന്‍ ഗെയിംസിന് ടീമുകളെ അയക്കില്ല എന്ന നിലപാടായിരുന്നു ബി.സി.സി.ഐ സ്വീകരിച്ചത്. എന്നാല്‍ ആ നിലപാട് മയപ്പെടുത്തിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വാരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ടി-20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഏകദിന ലോകകപ്പിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും തീയതികള്‍ ക്ലാഷ് ആകും എന്നതിനാല്‍ ബി ടീമിനെയായിരിക്കും ഇന്ത്യ ഗെയിംസിന് അയക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോകുന്ന പല താരങ്ങള്‍ക്കും ഇന്ത്യക്കായി നേട്ടം കൊയ്യാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.

പുരുഷന്‍മാരുടെ മത്സരത്തില്‍ ബി ടീമിനെ ആണ് അയക്കുന്നതെങ്കിലും വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ സ്‌ക്വാഡിനെ തന്നെ ബി.സി.സി.ഐ കളത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടബോര്‍ എട്ട് വരെയാണ് ചൈനയിലെ ഗാങ്ഷൂവില്‍ ഏഷ്യന്‍ ഗെയിംസിന് കളമൊരുങ്ങുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 22 വരെയാണ് ഐ.സി.സി ഏകദിന ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2011ന് ശേഷം ഇന്ത്യ വീണ്ടും മറ്റൊരു ഏകദിന ലോകകപ്പിന് വേദിയാവുകയാണ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു യഥാര്‍ത്ഥത്തില്‍ ഗെയിംസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കും എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ല എങ്കില്‍ ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് റഡാറില്‍ നിന്ന് പൂര്‍ണമായും പുറത്താണെന്ന് കരുതാനുമാകില്ല.

ലോകകപ്പിന് മുമ്പ് റിഷബ് പന്ത് പൂര്‍ണ ആരോഗ്യവാനായി കളത്തിലിറങ്ങാനും സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ഇഷാന്‍ കിഷനും സഞ്ജുവും തെരഞ്ഞെടുക്കപ്പെട്ടേക്കാം.

സഞ്ജു അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യത്തിന് ശിഖര്‍ ധവാനിലേക്കാണ് സാധ്യതകള്‍ നീളുന്നത്. താരത്തിന്റെ നിലവിലെ ഫോം കണക്കിലെടുത്താല്‍ ലോകകപ്പ് സ്‌ക്വാഡില്‍ അവസരം ലഭിക്കാന്‍ സാധ്യത നന്നേ കുറവാണ്. അങ്ങനെയെങ്കില്‍ ഗബ്ബര്‍ തന്നെ ഇന്ത്യയെ നയിക്കും. എന്നാല്‍ ബി.സി.സി.ഐയുടെ കാര്യമായതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം.

ഇത് മൂന്നാം തവണയാണ് ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത്. 2010ലും 2014ലും ക്രിക്കറ്റ് മത്സര ഇനമായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യാഡില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നുമില്ല.

Content Highlight: BCCI has decided to send the Indian team to the Asian Games

Latest Stories

We use cookies to give you the best possible experience. Learn more