|

ഐ.പി.എല്ലില്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ ബാന്‍; എട്ടിന്റെ പണി കൊടുത്ത് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.സി.സി.ഐ ജൂലൈ 31ന് ഫ്രാഞ്ചൈസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വരാനിരിക്കുന്ന ഐ.പി.എല്ലുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതില്‍ പ്രധാനപ്പെട്ടതാണ് വിദേശതാരങ്ങളുടെ കാര്യത്തില്‍ ബി.സി.സി.ഐ പരിഗണനയില്‍ കൊണ്ടുവന്ന പ്രശ്‌നം. താരലേലത്തില്‍ എടുത്ത വിദേശ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ സീസണ്‍ ഉപേക്ഷിക്കുന്നു എന്ന് ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനിന്നാല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് 10 ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഐ.പി.എല്‍ സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്ന വിദേശ താരങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ ബാന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ എന്നാണ്. ഇത് താരങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ്.

മാത്രമല്ല പ്ലേ ഓഫ് ഘട്ടത്തില്‍ മികച്ച വിദേശ താരങ്ങള്‍ മറ്റ് അസൈമെന്റിന് തിരിച്ചു പോകുന്നത് ടൂര്‍ണമെന്റിന് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നും ചര്‍ച്ചയില്‍ ഫ്രാഞ്ചൈസി ഉടമകള്‍ പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ നേരത്തെ സംസാരിച്ചു രംഗത്ത് വന്നിരുന്നു.

Content Highlight: BCCI Going To bans overseas players for up to two years in IPL