| Sunday, 24th July 2022, 4:51 pm

കൊവിഡ് സമയത്തും കാശ് വാരി ബി.സി.സി.ഐ; അധികമായി കീശയിലാക്കിയത് 218 കോടിയിലധികം

സ്പോര്‍ട്സ് ഡെസ്‌ക്

സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്നും അധികമായി 218 കോടി രൂപ ലഭിക്കുമെന്ന് അറിയിച്ച് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ). മത്സരങ്ങളുടെ സംപ്രേക്ഷണത്തില്‍ നിന്നുമാണ് ഈ അധിക തുക ബി.സി.സി.ഐക്ക് ലഭിക്കുന്നത്.

ബി.സി.സി.ഐയും സ്റ്റാര്‍ സ്‌പോര്‍ട്‌സും നേരത്തെ തീരുമാനിച്ച തുകയേക്കാള്‍ അധികമാണ് ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കാന്‍ പോവുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബി.സി.സി.ഐക്ക് 6356.1 കോടി രൂപയാണ് നല്‍കേണ്ടത്. ഇത് നേരത്തെ ഒപ്പുവെച്ച അഞ്ച് വര്‍ഷത്തെ കരാറില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ 218 കോടി രൂപ കൂടുതലാണ്.

നേരത്തെ ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ ഒരു മത്സരം അധികം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. 102 മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തപ്പോള്‍ 103 മത്സരങ്ങളാണ് ടെലികാസ്റ്റ് ചെയ്തത്.

ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സില്‍ നേടിയ പണം ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബൈലാറ്ററല്‍ സീരീസിലെ ഓരോ മത്സരത്തിന്റെ അവകാശവും 60 കോടി രൂപയ്ക്കാണ് ബി.സി.സി.ഐ വിറ്റത്. ആദ്യ രണ്ട് വര്‍ഷവും കരാറിലുള്ളതുപോലെ മത്സരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കൊവിഡ് 19 തരംഗമുണ്ടായതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു.

കൊവിഡിന് പിന്നാലെ ഐ.പി.എല്‍ തന്നെ റദ്ദാക്കേണ്ടി വരുമെന്നും ഇതുവഴി കോടികള്‍ നഷ്ടമുണ്ടാവുമെന്നും ബി.സി.സി.ഐ ഭയപ്പെട്ടിരുന്നു. എന്നാല്‍ യു.എ.ഇയിലേക്ക് കളിത്തട്ടകം മാറ്റിക്കൊണ്ടായിരുന്നു ബി.സി.സി.ഐ ഈ പ്രതിസന്ധി മറികടന്നത്.

എന്നാല്‍ മുഴുവന്‍ മത്സരങ്ങളും അവിടെ തന്നെ നടത്തുക എന്നതും ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ രണ്ട് പാദങ്ങളിലായി ഐ.പി.എല്‍ നടത്തിക്കൊണ്ട് ആ പ്രശ്‌നത്തിനും ബി.സി.സി.ഐ പരിഹാരം കണ്ടിരുന്നു.

2022 ഐ.പി.എല്ലിന് ശേഷം നടന്ന മീഡിയ ലേലത്തില്‍ നിന്നും ശതകോടികളായിരുന്നു ബി.സി.സി.യുടെ അക്കൗണ്ടിലേക്കെത്തിയത്. ലീഗില്‍ പുതിയ രണ്ട് ടീമിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ലഭിച്ച തുകയ്ക്ക് പുറമെയാണിത്.

ഇതോടെ കായികലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ രണ്ടാമത്തെ ലീഗാവാനും ഐ.പി.എല്ലിനായി.

Content highlight:  BCCI Gains Rs 218 Crore From Bilateral Series Despite COVID-19 Interruptions – Report

We use cookies to give you the best possible experience. Learn more