|

പടുകൂറ്റന്‍ വിജയത്തിന് പിന്നാലെ കണ്ണീര്‍; രാജസ്ഥാന്‍ ഓപ്പണര്‍ക്ക് ശിക്ഷ വിധിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ ഏറ്റവും നിര്‍ണായക മത്സരത്തിനായിരുന്നു കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. ഹോം ടീമിനെതിരെ രാജസ്ഥാന്‍ റോയല്‍സാണ് കളത്തിലിറങ്ങിയത്. തോല്‍ക്കുന്ന ടീമിന്റെ ഐ.പി.എല്‍ യാത്രക്ക് ഏറെക്കുറെ അന്ത്യമാകും എന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഇരു ടീമും ഇറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ പതിവിന് വിപരീതമായി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം ഒന്നടങ്കം പുറത്തെടുത്തത്.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ കൊല്‍ക്കത്തയെ വെറും 149 റണ്‍സിന് എറിഞ്ഞൊതുക്കിയ രാജസ്ഥാന്‍ 13.1 ഓവറില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. മൂന്ന് പന്തില്‍ റണ്ണൊന്നും നേടാതെ റണ്‍ ഔട്ടായാണ് താരം പുറത്തായത്.

ബട്‌ലറും ജെയ്‌സ്വാളും തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷനാണ് താരത്തിന്റെ പുറത്താവലിന് വഴിയൊരുക്കിയത്. റസലിന്റെ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിലായിരുന്നു ബട്‌ലറിന്റെ മടക്കം.

ഈ പുറത്താകലിന് പിന്നാലെ നിരാശനായായിരുന്നു താരം കളം വിട്ടത്. പോകുന്ന പോക്കില്‍ ബൗണ്ടറി റോപ്പില്‍ ബാറ്റുകൊണ്ടടിച്ചാണ് താരം തന്റെ നിരാശ പ്രകടമാക്കിയത്.

എന്നാല്‍ താരത്തിന്റെ ഈ പ്രവൃത്തിയില്‍ ബി.സി.സി.ഐ അത്രകണ്ട് സന്തുഷ്ടരായിരുന്നില്ല. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ താരത്തിന് പിഴ വിധിച്ചിരിക്കുകയാണ് അപെക്‌സ് ബോഡി. മാച്ച് ഫീയുടെ പത്ത് ശതമാനമാണ് ബട്‌ലറിന് പിഴ വിധിച്ചിരിക്കുന്നത്.

‘രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായ ജോസ് ബട്‌ലര്‍ ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ വിധിക്കുന്നു,’ ഐ.പി.എല്ലിന്റെ ഗവേണിങ് കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും രാജസ്ഥാന് സാധിച്ചു. വരും മത്സരങ്ങളിലും സമാനമായി പ്രകടനം പുറത്തെടുത്താല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിച്ചേക്കും.

Content Highlight: BCCI fined Jos Buttler for breaching code of conduct