ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് സെമിയേക്കാള്‍ വലിയ ആഘോഷമായിരുന്നു ടീമിലെ സീനിയര്‍ താരത്തിന്റെ മൂന്നാറാം മത്സരം. ക്യാന്‍സറിനെയും അതിജീവിച്ച് തികഞ്ഞ പോരാളിയായി ടീമിലേക്ക് തിരിച്ചെത്തിയ യുവരാജിന് ഉപഹാരം നല്‍കിയായിരുന്നു ടീം ആദരിച്ചത്.
ഇന്നത്തെ മത്സരത്തോടെ 300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായാണ് യുവരാജ് മാറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ ഏകദിന മത്സരം കളിച്ച ഇന്ത്യന്‍ താരം. 463 ഏകദിനമത്സരങ്ങളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇറങ്ങിയത്. സച്ചിനു പിന്നില്‍ രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് 300ലധികം ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
2000 ത്തില്‍ കെനിയയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2011ല്‍ ഇന്ത്യലോക ചാമ്പ്യന്മാരായപ്പോള്‍ യുവരാജ് സിംഗ് ആയിരുന്നു ടൂര്‍ണ്ണമെന്റിലെ താരം.