കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ തങ്ങളുടെ പുതിയ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിച്ചത്. 2023-24 വര്‍ഷങ്ങളിലെ കേന്ദ്ര കരാറില്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ പട്ടികയാണ് അപെക്‌സ് ബോര്‍ഡ് പുറത്തിറക്കിയത്.
എ പ്ലസ്, എ, ബി, സി എന്നീ കാറ്റഗറികളിലായി 30 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബി.സി.സി.ഐ കരാര്‍ പ്രഖ്യാപിച്ചത്.
അപെക്‌സ് ബോര്‍ഡിന്റെ നിര്‍ദേശം അവഗണിച്ച ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ സത്യമാക്കിക്കൊണ്ടാണ് പുതിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ രണ്ട് പേര്‍ മാത്രമല്ല, നേരത്തെ കരാറിലുണ്ടായിരുന്ന മിക്ക സൂപ്പര്‍ താരങ്ങളും ബി.സി.സി.ഐയുടെ പുതിയ കരാറിന് പുറത്താണ്.
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയാണ് ഈക്കൂട്ടത്തില്‍ പ്രധാനി. കഴിഞ്ഞ തവണ കാറ്റഗറി ബി-യില്‍ ഉള്‍പ്പെട്ടിരുന്ന പൂജാരയെ ഇത്തവണ ബി.സി.സി.ഐ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.
ഗ്രേഡ് സി-യില്‍ നിന്നും സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍, പേസര്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ എന്നിവര്‍ക്കൊപ്പം അജിന്‍ക്യ രഹാനെക്കും ഇത്തവണ കോണ്‍ട്രാക്ടില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.
ബി.സി.സി.ഐ വാര്‍ഷിക കരാര്‍
ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)
ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ
ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)
സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍
ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (15 താരങ്ങള്‍)
റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പാടിദാര്‍, ഷര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍.
Content highlight: BCCI excluded 8 players from Annual Central Contract