Advertisement
Halal Food
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം; താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണമാണ് നല്‍കുന്നതെന്ന സംഘപരിവാര്‍ പ്രചരണം തള്ളി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
2021 Nov 23, 03:54 pm
Tuesday, 23rd November 2021, 9:24 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണമാണ് നല്‍കുന്നതെന്ന സംഘപരിവാര്‍ പ്രചരണം തള്ളി ബി.സി.സി.ഐ. ട്രഷറര്‍ അരുണ്‍ ധൂമലമാണ് വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് ഒരു പങ്കുമില്ലെന്ന് ധൂമല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

‘താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമില്ലാത്തത് കഴിക്കേണ്ട. അതിനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ സോഷ്യല്‍ മീഡിയ ബി.സി.സി.ഐയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവില്‍ ബി.സി.സി.ഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം.

അനൗദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്.

ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബി.സി.സി.ഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗില്‍ (#BCCIPromotesHalal) സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം തുടങ്ങിയത്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവര്‍ക്കും മേല്‍ ഹലാല്‍ അടിച്ചേല്‍പിക്കുന്നതെന്നുമാണ് ചണ്ഡീഗഢിലെ ബി.ജെ.പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയല്‍ ചോദിക്കുന്നത്.

ആരോഗ്യവും ഹലാലും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നാണ് ഹിന്ദു ജനജാഗ്രതി സമിതി ഔദ്യോഗിക ട്വിറ്ററില്‍ ചോദിക്കുന്നത്.

നേരത്തെ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വ്യാപകമായ മുതലെടുപ്പിന് കേരളത്തില്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI doesn’t advise players what and what not to eat: Treasurer Arun Dhumal on dietary plan row