ലോകത്ത് ഒരു സെലക്ടര്‍ക്കും ഇതൊന്നും ഇഷ്ടമുണ്ടാകില്ല, നിവൃത്തികേട് കൊണ്ട് ചെയ്തു പോകുന്നതാണ്; ടീം പ്രഖ്യാപനത്തിന് പിന്നാലെ തുറന്നടിച്ച് ബി.സി.സി.ഐ ചീഫ് സെലക്ടര്‍
ന്യൂസിലാന്‍ഡുമായും ബംഗ്ലാദേശുമായുള്ള പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന പേസര്‍ ജസ്പ്രീത് ബുംറ ഈ സ്‌ക്വാഡിലും ഇടം നേടിയിട്ടില്ല.
ടി20 ലോകകപ്പ് ടീമിലും ഇപ്പോള്‍ നടക്കാന്‍ പോകുന്ന പരമ്പരകളിലും ബുംറയില്ലാത്തത് ബി.സി.സി.ഐയെ വല്ലാതെ വലയ്ക്കുന്നുണ്ട്. വലിയ വര്‍ക്ക് ലോഡാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്നും എന്നാല്‍ കളിക്കാര്‍ക്ക് വിശ്രമം അത്യാവശ്യമാണെന്നും ബി.സി.സി.ഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ പറയുന്നു.
മാധ്യമങ്ങളും മറ്റുള്ളവരും തങ്ങളുടെ കഷ്ടപ്പാട് മനസിലാക്കാറില്ല. ഒരു ക്യാപ്റ്റന് കീഴില്‍ ചിലര്‍ക്ക് മാത്രമേ അവസരം കിട്ടുന്നുള്ളു എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങള്‍ ചിത്രീകരിക്കപ്പെടാറുള്ളതെന്നും ചേതന്‍ ശര്‍മ പറഞ്ഞു.
പരമ്പരകള്‍ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച ശേഷം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് ചേതന്‍ ശര്‍മ സെലക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് തുറന്നുപറഞ്ഞത്.
‘കളിക്കാരെ മാനേജ് ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ നേരത്തെയും പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ മീഡിയ പറയും പല ക്യാപ്റ്റന്‍മാരുടെ കീഴില്‍ പല കളിക്കാരാണ് കളിക്കുന്നത് എന്ന്. ഞങ്ങള്‍ക്കാണ് വര്‍ക്ക് ലോഡ് മാനേജ് ചെയ്യേണ്ടി വരുന്നത്.
ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ ലോകകപ്പ് വരുന്നതുകൊണ്ട് ഞങ്ങള്‍ കുറച്ച് ധൃതി പിടിച്ചു. എന്നിട്ട് എന്തുണ്ടായെന്ന് നിങ്ങള്‍ കണ്ടല്ലോ, ബുംറയില്ലാതെ ലോകകപ്പിന് പോകേണ്ടി വന്നു. ബംഗ്ലാദേശ് പരമ്പരയുടെ കാര്യത്തില്‍ ഞങ്ങള്‍ അല്‍പം ശ്രദ്ധിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. ബുംറയുടെ കാര്യത്തില്‍ ധൃതി പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഇങ്ങനെ കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതിന് പിന്നില്‍ കൃത്യമായ കാരണമുണ്ടെന്ന് മാധ്യമങ്ങളൊന്ന് മനസിലാക്കണം. ടീമിനെയും ക്യാപ്റ്റനെയും ഇടക്കിടക്ക് മാറ്റാന്‍ ഒരു സെലക്ടര്‍മാര്‍ക്കും താല്‍പര്യം കാണില്ല. പക്ഷെ ഒരുപാട് മത്സരങ്ങളാണ് നടക്കാനുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ കളിക്കാരുടെ ശരീരത്തെ ശ്രദ്ധിച്ചേ മതിയാകൂ. എന്‍.സി.എയും മെഡിക്കല്‍ ടീമും ബുംറയെ നന്നായി നോക്കുന്നുണ്ട്. അവന്‍ ഉടന്‍ തന്നെ സ്‌ക്വാഡിലേക്ക് തിരിച്ചുവരും,’ ചേതന്‍ ശര്‍മ പറഞ്ഞു.
അതേസമയം, ടി-20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയാണ് ടി-20 ടീമിനെ നയിക്കുന്നത്. റിഷബ് പന്തിനാണ് ഉപനായകദൗത്യം.
ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി-20 മത്സരങ്ങളുമാണുള്ളത്.
എന്നാല്‍, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു കളിക്കില്ല. ഈ സ്‌ക്വാഡില്‍ സീനിയര്‍ താരങ്ങളുണ്ടാകും. ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിനെ ശിഖര്‍ ധവാനാണ് നയിക്കുക. പന്ത് തന്നെ വൈസ് ക്യാപ്റ്റന്‍ റോളില്‍ തുടരും.