| Wednesday, 28th February 2024, 3:38 pm

ബി.സി.സി.ഐ കരാര്‍: പന്തും അക്‌സറും നേടുന്നത് കോടികള്‍, സഞ്ജുവിന്റെ ശമ്പളമെത്ര?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ താരങ്ങളെ അവരുടെ ആന്വല്‍ കോണ്‍ട്രാക്ടിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ എ പ്ലസ്, എ, ബി, സി എന്നീ കാറ്റഗറികളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരത്തിന് വര്‍ഷത്തില്‍ ഏഴ് കോടി രൂപ ലഭിക്കും. എ കാറ്റഗറിയിലെ താരത്തിന് അഞ്ച് കോടിയും ബി കാറ്റഗറയിലുള്ള താരത്തിന് മൂന്ന് കോടിയും സി കാറ്റഗറിക്ക് ഒരു കോടിയുമാണ് ലഭിക്കുക.

2022-23 സീസണിലെ ആന്വല്‍ കോണ്‍ട്രാക്ട് പ്രകാരം (2022 ഒക്ടോബര്‍ 2022 മുതല്‍ 2023 ഒക്ടോബര്‍ വരെ) വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കം നാല് താരങ്ങളാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഓരോ കാറ്റഗറിയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളും

എ പ്ലസ് കാറ്റഗറി – വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി – ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷബ് പന്ത്, അക്‌സര്‍ പട്ടേല്‍

ബി കാറ്റഗറി – ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍

സി കാറ്റഗറി – ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഷര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷ്‌കീപ് സിങ്, കെ.എസ്. ഭരത്.

അതേസമയം, ഇഷാന്‍ കിഷന്‍ അടക്കമുള്ള പല താരങ്ങള്‍ക്കും ആന്വല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കേന്ദ്ര കരാറിലുള്ള താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് പ്രധാന്യം കല്‍പിക്കാതെ ഐ.പി.എല്ലില്‍ മാത്രം ശ്രദ്ധിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കെടെയാണ് ബി.സി.സി.ഐ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ചഹര്‍ തുടങ്ങിയ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിമുഖത കാണിച്ചതിന് പിന്നാലെ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇഷാനെയും ശ്രേയസ് അയ്യരിനെയും അവരുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കാന്‍ അപെക്‌സ് ബോര്‍ഡ് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ 2023-24 സീസണിലേക്കുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങളുടെ ലിസ്റ്റ് ഏകദേശം അന്തിമമാക്കിയിട്ടുണ്ട്, അത് ബി.സി.സി.ഐ ഉടന്‍ പ്രഖ്യാപിക്കും. കിഷനും അയ്യരും ആ പട്ടികയില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ട്,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബി.സി.സി.ഐ കണ്ണുരുട്ടിയതോടെ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കളിക്കളത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. അയ്യര്‍ രഞ്ജയില്‍ മുംബൈക്കായി കളിക്കാനിറങ്ങിയപ്പോള്‍ ഡി.വൈ പാട്ടില്‍ ടി-20 കപ്പിലാണ് കിഷന്‍ കളിക്കന്നത്.

Content Highlight: BCCI Central Contract, Salary of each category

We use cookies to give you the best possible experience. Learn more