| Tuesday, 2nd October 2018, 8:10 am

ഇനി ബി.സി.സി.ഐയും വിവരാവകാശ നിമയത്തിന്റെ പരിധിയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) പൊതുസ്ഥാപനമാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഇനിമുതല്‍ ബി.സി.സി.ഐ വിവരാവകാശ നിമയത്തിന്റെ പരിധിയില്‍ വരുമെന്നും കമ്മീഷന്റെ ഉത്തരവ്. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ബി.സി.സി.ഐയുടെ ഇവന്റുകള്‍ക്ക് ലഭിക്കുന്ന നികുതിയിളവുകള്‍, സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യ ഭൂമി തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റ് കായിക സംഘടനകള്‍ പോലെ പൊതുസ്ഥാപനമാണ്. അതിനാല്‍ സെക്ഷന്‍ നാല് 1 ബി പ്രകാരം ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.


Read Also : വയലനിസ്റ്റ് ബാലഭാസ്‌ക്കര്‍ അന്തരിച്ചു


കോടികളുടെ ഇടപാട് നടക്കുന്ന ബി.സി.സി.ഐ വിവാരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസത്തിനുള്ളില്‍ പ്രാപ്തമാകണമെന്നും ഉത്തരവില്‍ പറയുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ മറ്റ് സ്പോര്‍ട് ഫെഡറേഷനുകള്‍ പോലെതന്നെയാണ് ബി.സി.സി.ഐ എന്നും ഉത്തരവില്‍ പറയുന്നു.

ബി.സി.സി.ഐ താരങ്ങള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം സുഭാഷ് അഗവര്‍വാള്‍ എന്നയാള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കവേയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിന്റെ ഉത്തരവ്.

സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നില്ലെങ്കിലും ബി.സി.സി.ഐക്ക് കോടികളുടെ നികുതിയിളവ് ലഭിക്കുന്നുണ്ട്.

ഇന്ത്യയില്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബി.സി.സി. ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more