| Monday, 2nd January 2023, 10:31 am

താരങ്ങൾ പാട് പെടും യോ-യോ ടെസ്റ്റ്‌ തിരിച്ചു കൊണ്ടുവന്ന് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ക്രിക്കറ്റ്‌ സെലക്ഷൻ പ്രക്രിയയിൽ നിർണായകമാകാവുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐ

ക്രിക്കറ്റ്‌ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ 2023 ജനുവരി ഒന്ന് മുതൽ യോ-യോ ടെസ്റ്റ്‌ വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനമാണ് ബി.സി.സി.ഐ പുറത്ത് വിട്ടിരിക്കുന്നത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന മുംബൈയിൽ വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.

യോ-യോ ടെസ്റ്റിന് പുറമെ ഡെക്സാ(എല്ലുകൾ സ്കാൻ ചെയ്യുന്ന ടെസ്റ്റ്‌)ടെസ്റ്റിലൂടെയുമാണ് ഇനി ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക.

ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ അവരെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കുകയും വീണ്ടും ടെസ്റ്റ്‌ വിജയിക്കാൻ അവസരം ഒരുക്കുകയുമാണ് നിലവിൽ ബി.സി.സി.ഐയുടെ രീതി.

2023 ക്രിക്കറ്റ്‌ ലോകകപ്പ് ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

താരങ്ങളുടെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബി.സി.സി.ഐ ഇനി തയ്യാറാല്ല എന്നാണ് റിപ്പോർട്ടുകൾ. വിരാട് കോഹ്ലി നായകനായിരുന്ന സമയത്തേതിന് സമാനമായി താരങ്ങളുടെ ഫിറ്റ്‌നസ് കര്‍ശനമാക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്.

കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന സമയത്താണ് യോ-യോ ടെസ്റ്റ്‌ കർശനമായി നടപ്പിലാക്കിയിരുന്നത്. ആ സമയത്ത് ടെസ്റ്റിൽ വിജയിക്കാനുള്ള സ്കോർ 16.1ൽ നിന്നും 16.5 ആക്കി വർധിപ്പിച്ചിരുന്നു.

20 മീറ്റർ വീതമുള്ള പോയിന്റിലേക്ക് ഓടിയാണ് യോ-യോ ടെസ്റ്റ്‌ എടുക്കേണ്ടത്. ഓരോ പോയിന്റ് കഴിയുമ്പോഴും താരങ്ങൾ അവരുടെ ഓട്ടത്തിന്റെ വേഗത വർധിപ്പിക്കണം.

ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്‌. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഐ.പി. എല്ലിൽ ബിസിസിഐ ഇടപെടും.

പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബി.സി.സി.ഐ നിര്‍ദേശം നൽകിയിട്ടുണ്ട്.

അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കിയതിന് ശേഷം ചൊവ്വാഴ്ച്ച ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയാണ് ഇന്ത്യ ഇനി കളിക്കുക.
ഇന്ത്യൻ സമയം രാത്രി 7:30ന് വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

Content Highlights:BCCI brought back the Yo-Yo test

We use cookies to give you the best possible experience. Learn more