വായുഗുണനിലവാരം സംബന്ധിച്ച ആശങ്ക; മുംബൈയിലും ദല്‍ഹിയിലും നടക്കുന്ന മത്സരങ്ങളില്‍ പടക്കങ്ങള്‍ നിരോധിച്ച് ബി.സി.സി.ഐ
Cricket
വായുഗുണനിലവാരം സംബന്ധിച്ച ആശങ്ക; മുംബൈയിലും ദല്‍ഹിയിലും നടക്കുന്ന മത്സരങ്ങളില്‍ പടക്കങ്ങള്‍ നിരോധിച്ച് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st November 2023, 1:51 pm

ഏകദിന ലോകകപ്പ് ആവേശകരമായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ നഗരങ്ങളായ മുംബൈയിലും ദല്‍ഹിയിലും മലിനീകരണപ്രശ്‌നങ്ങള്‍ വന്‍തോതില്‍ വർധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ).

മുംബൈയിലെ വർധിച്ചുവരുന്ന വായുവിന്റെ മലിനീകരണം മൂലം ബോംബെ ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ ഐ.സി.സിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ എത്തിയെതെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.

‘ഞാന്‍ ഈ വിഷയം ഔദ്യോഗികമായി ഐ.സി.സി.യുമായി ചര്‍ച്ചകള്‍ നടത്തി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാന്‍ ബോര്‍ഡ് തയ്യാറാണ്. ഞങ്ങളുടെ ആരാധകരുടെയും അംഗങ്ങളുടെയും താല്പര്യങ്ങള്‍ എപ്പോഴും മുന്നില്‍ തന്നെ ഉണ്ടാവും,’ ഷായെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രല്‍ പോപ്പുലേഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ 172ഉം ദല്‍ഹിയില്‍ 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനിലയുമാണുള്ളത്. അതുകൊണ്ട് തന്നെ വായുവിന്റെ ഗുണനിലവാരം നിലനിര്‍ത്താനുള്ള എല്ലാ നടപടികളും ബി.സി.സി.ഐ സ്വീകരിക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥനും വ്യക്തമാക്കി.

‘ഈ വിഷയം പൗരന്മാര്‍ക്കിടയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് കാരണമാവും. ഇതിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നവംബര്‍ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുന്നത്. അതേസമയം നവംബര്‍ ആറിന് ദല്‍ഹിയിലെ ഫിറോസ് ഷാ കൊട്‌ലയില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരവുമുണ്ട്.

Content Highlight: BCCI banned fireworks in Mumbai and Delhi in the worldcup games amid air quality condition.