കൊച്ചി: മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ശ്രീശാന്തിന് ആജീവനാന്ത വിലക്ക്. ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചതാണ് ശ്രീശാന്തിന് തിരിച്ചടിയായത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ നേരത്തെ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്ക് കളിക്കാനുള്ള അവസരം നല്‍കണമെന്നും വിലക്ക് നീക്കണമെന്നും ശ്രീ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കോടതി ശ്രീശാന്തിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
2013 ഐ.പി.എല്‍ വാതുവെപ്പ് കേസിനെ തുടര്‍ന്നായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2015 ല്‍ ശ്രീയെ കേസില്‍ നിന്നും ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ അപ്പോഴും താരത്തിന് മേലുള്ള വിലക്ക് എടുത്ത് മാറ്റാന്‍ ബി.സി.സി.ഐ വിസമ്മതിക്കുകയായിരുന്നു. കേസില്‍ വെറുതെ വിട്ടതിനാല്‍ ഉടനെ തന്നെ വിലക്ക് നീക്കണമെന്നായിരുന്ന കേരള ഹൈക്കോടതിയുടെ വിധി.