കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Daily News
കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th July 2015, 8:54 am

Kochi-tuskers-2ന്യൂദല്‍ഹി: കേരളത്തെ പ്രതിനിധീകരിച്ച് ഐ.പി.എല്‍ ക്രിക്കറ്റില്‍ പങ്കെടുത്തിരുന്ന കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആട്രിബ്യൂഷന്‍ ഉത്തരവ്. കൊച്ചി ടസ്‌കേഴ്‌സന്റെ കോണ്‍ട്രാക്റ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ തങ്ങള്‍ക്ക് പണം ആവശ്യമില്ലെന്നും അടുത്ത ഐ.പി.എല്‍ സീസണില്‍ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ നിലപാട്.

എന്നാല്‍ നിലവില്‍ ഐ.പി.എല്ലില്‍ എട്ട് ടീമുകളാണുള്ളത്. അതുകൊണ്ടുതന്നെ ഒരു ടീമിനെ കൂടി ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ല. ആര്‍ബിേ്രടഷന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ.

2011ലാണ്  കോണ്‍ട്രാക്റ്റില്‍ നിയമ ലംഘനമുണ്ടെന്നാരോപിച്ച് ടസ്‌കേഴ്‌സിന്റെ കോണ്‍ട്രാക്റ്റ് ബി.സി.സി.ഐ റദ്ദാക്കുന്നത്. തുടര്‍ന്ന് കൊച്ചി ഫ്രാഞ്ചൈസി കെട്ടിവെച്ച ബാങ്ക് ഗാരന്റി ഈടാക്കുകയും ടീമിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് വിഷയം മധ്യസ്ഥതയ്ക്കായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോത്തിയ്ക്ക് വിടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ടസ്‌കേഴ്‌സിന് അനുകൂലമായിരിക്കുന്നത്. 550 കോടി രൂപ കൊച്ചി ഫ്രാഞ്ചൈസിക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ പിഴയുടെ 18 ശതമാനം വാര്‍ഷിക വര്‍ധനവില്‍ നല്‍കേണ്ടി വരുമെന്നും ആര്‍ബിട്രേഷന്‍ ഉത്തരവില്‍ പറയുന്നു.

അഞ്ച് കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് കൊച്ചിയുടെ ഉടമകള്‍. 1560 കോടി രൂപയക്കാണ് ഇവര്‍ കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 2011 ല്‍ 2011ല്‍ ബാങ്ക് ഗാരന്റി കെട്ടിവെക്കുന്നതില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ടീമിന്റെ കോണ്‍ട്രാക്റ്റ് റദ്ദാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

പുറത്താക്കുന്നതിന് മുമ്പ് 340 കോടി രൂപയോളം കൊച്ചി ബി.സി.സി.ഐയ്ക്ക് നല്‍കിയിരുന്നു. കൊച്ചിയില്‍ നിന്നും എതിര്‍പ്പുണ്ടായിട്ടും അവരുടെ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി ബി.സി.സി.ഐ ഈടാക്കുകയായിരുന്നു. കളിക്കാര്‍ക്ക് അവരുടെ പ്രതിഫലം കിട്ടാതിരിക്കുകയും വിദേശ കളിക്കാര്‍ കൊച്ചി ടസ്‌കേഴ്‌സിനെതിരെ കോടതിയെ സമീപിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴും മുത്തയ്യ മരളീധരനടക്കമുള്ളവര്‍ക്ക് പ്രതിഫലം നല്‍കാനുണ്ട്.