മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കി ബി.സി.സി.ഐ. 2024ലെ ടി ട്വന്റി ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തുനിന്ന് പിന്മാറിയതോടെയാണ് ബി.സി.സി.ഐ പുതിയ ഹെഡ് കോച്ചിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയാണ് ദ്രാവിഡ് തന്റെ സ്ഥാനം ഒഴിഞ്ഞത്.
മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള അഭിമുഖം അടുത്തിടെ ഗംഭീര്‍ നേരിട്ടിരുന്നു. എന്നിരുന്നാലും ടീമിന്റെ പരിശീലകനാകാനുള്ള അവസരത്തിനായി ഡബ്ല്യു.വി. രാമനും ആപ്ലിക്കേഷന്‍ നല്‍കിയിരുന്നു. 2024 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തില്‍ പ്രധാന പങ്കായിരുന്നു ഗംഭീര്‍ വഹിച്ചത്.
ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെയാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ നിയമിച്ചത്. ദീര്‍ഘകാലത്തേക്ക് ഇന്ത്യയുടെ പരിശീലകനാകാന്‍ പല മുന്‍ താരങ്ങളും ഗംഭീറിനെ പിന്തുണച്ചിരുന്നു.
ഗംഭീറിനെ പുതിയ ഇന്ത്യന്‍ കോച്ചായി നിയമിച്ചുകൊണ്ട് ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷാ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.
‘ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആധുനിക ക്രിക്കറ്റ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത റോളുകളില്‍ മികവ് പുലര്‍ത്തിയും പ്രതിസന്ധികള്‍ തരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ അനുയോജ്യമായ വ്യക്തി ഗംഭീര്‍ ആണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും വിപുലമായ അനുഭവവും ചേര്‍ന്ന് അദ്ദേഹം ഈ സ്ഥാനത്തേക്ക് യോഗ്യനാണ്.ഞാന്‍ അദ്ദേഹത്തെ പൂര്‍ണമായും ഞാന്‍ പിന്തുണയ്ക്കുന്നു,’ ഷാ എക്‌സില്‍ എഴുതി.
2021ലാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. ശേഷം 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.
Content Highlight: BCCI appointed Gautam Gambhir as India’s head coach