| Saturday, 19th October 2013, 4:06 pm

ഉത്തേജകമരുന്ന്: ക്രിക്കറ്റ്താരം പ്രദീപ് സങ്‌വാന് ഒന്നരവര്‍ഷത്തെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം പ്രദീപ് സങ്‌വാന് ഒന്നരവര്‍ഷത്തെ വിലക്ക്. നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ബി.സി.സി.ഐയുടെ ഉത്തേജകമരുന്ന് വിരുദ്ധ സമിതിയാണ് വിലക്കേര്‍പ്പെടുത്തിയത്.

ഐ.പി.എല്‍ ആരംഭിച്ച മെയ്മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇരുപത്തിമൂന്നുകാരനായ ദല്‍ഹി താരത്തെ വിലക്കിയത്.

“ബി.സി.സി.ഐയുടെ ഉത്തേജകമരുന്ന് വിരുദ്ധ നിയമപ്രകാരമുള്ള കേസന്വേഷണം ഈ മാസം ഒന്നിന് പൂര്‍ത്തിയായി. 18ാം തീയതിയാണ് റിപ്പോര്‍ട്ട് ലഭിച്ചത്.” ബി.സി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു.

നിരോധിക്കപ്പെട്ട അനബോളിക് സ്റ്റിറോയിഡായ സ്റ്റാനോസോളാണ് സങ്‌വാന്‍ ഉപയോഗിച്ചതെന്ന്  സമിതി പറയുന്നു.

ഒക്ടോബര്‍ ഒന്നിനാണ് സമിതി പ്രദീപ് സങ്‌വാനെ വിസ്തരിച്ചത്. ജിം പരിശീലകന്‍ നിര്‍ദേശിച്ചതനുസരിച്ച് കൊഴുപ്പ് കുറയ്ക്കാനായാണ് താന്‍ സ്റ്റിറോയിഡ് കഴിച്ചതെന്നാണ് താരത്തിന്റെ വാദം.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ നിരോധിക്കപ്പെട്ട മരുന്നുപയോഗിച്ചതിന് ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ കളിക്കാരനാണ് ഇദ്ദേഹം. പാക്കിസ്ഥാന്‍ താരമായ മുഹമ്മദ് ആസിഫാണ് ആദ്യം പുറത്താക്കപ്പെട്ടത്.

“2013 മെയ് ആറു മുതല്‍ 2014 നവംബര്‍ 5 വരെയുള്ള ഒന്നരവര്‍ഷത്തേയ്ക്കാണ് വിലക്ക്. ബി.സി.സി.ഐയുടെ പങ്കാളിത്തത്തില്‍ നടത്തുന്ന ഒരു മത്സരത്തിലും ഇക്കാലത്ത് പങ്കെടുക്കാന്‍ കഴിയില്ല. അംഗീകാരത്തോടെയുള്ള ഉത്തേജകവിരുദ്ധ പ്രചരണങ്ങളില്‍ പങ്കെടുക്കാം.” ബി.സി.സി.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു പ്രദീപ് സങ്‌വാന്‍. അവസാന രണ്ട് ഐ.പി.എല്‍ സീസണുകളിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയും ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെയും കളിച്ചിട്ടുണ്ട്. എന്നാല്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല.

ദല്‍ഹി നജഫ്ഗഡ് സ്വദേശിയായ സങ്‌വാന്‍ 38 ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ നിന്നായി 123 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more